ചെന്നൈ: പ്രശസ്ത ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നു.
കോവിഡ് ബാധിച്ചതിനെ ഓഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീട് കോവിഡ് ഭേദമായിരുന്നു.
ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു.
1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്പിബിയുടെ ജനനം. 1966ല്‍ പുറത്തിറങ്ങിയ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അദ്ദേഹം ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
എംജിആര്‍ നായകനായ അടിമൈപ്പെണ് എന്ന സിനിയിലെ ഗാനത്തിലൂടെയാണ് എസ്പിബി തമിഴില്‍ പ്രവേശിപ്പിക്കുന്നത്. തെലുങ്ക് സിനിമകളായ ശങ്കരാഭരണം, സാഗര സംഗമം, രുദ്രവീണ. ഹിന്ദി സിനിമയായ ഏക് ദൂജേ കേലിയേ. കന്നഡ സിനിമ സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ്. തമിഴ് ചിത്രം മിന്‍സാര കനവ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി.
മികച്ച ഗായകന്, സംഗീത സംവിധായകന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ 20ലേറെ തവണ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം നിരവധി പ്രാവശ്യം ലഭിച്ചു. എസ്പിബി നാല് ഭാഷകളിലായി അമ്ബതോളം സിനിമകള്‍ക്കായി സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.