ഭീകരര്‍ ഏറെയും കേരളത്തില്‍; ദക്ഷിണേന്ത്യയില്‍ ആക്രമണത്തിന് ആസൂത്രണം നടത്തിയ കൂട്ടത്തില്‍ പാക്കിസ്ഥാനില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവര്‍

കൊച്ചി: കേരളത്തില്‍ കഴിഞ്ഞയാഴ്ച പിടിയിലായ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രത്യേക ഭീകര സംഘടനയായ ‘ഹിന്ദ് വിലായാ’- സംഘത്തിലെ അംഗങ്ങള്‍. ഇന്ത്യയില്‍, പ്രത്യേകിച്ച്‌ കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ക്ക് ആസൂത്രണം ചെയ്തിറങ്ങിയിട്ടുള്ള ‘ഹിന്ദ് വിലായാ’ എന്ന ഭീകര സംഘടന പ്രഖ്യാപിച്ചത് 2019 മെയ് മാസമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ അറിയിക്കാനുള്ള പദ്ധതികളാണ് അവര്‍ തയാറാക്കിയത്. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആ പദ്ധതികള്‍ തകര്‍ത്തുകളയുകയാണ്.

കശ്മീരില്‍ സുഗമമല്ലാതായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തകര്‍ കടന്നു. കേരളത്തിലാണ് ഹിന്ദ് വിലായാ പ്രവര്‍ത്തകര്‍ കൂടുതല്‍. കൊച്ചിയിലും ബംഗാളിലും പിടിയിലായവര്‍ ഹിന്ദ് വിലായായിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകരാണ്. താലിബന്‍, അല്‍ഖ്വയ്ദ, ഐഎസ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടമാണിത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ പരിശീലനം കിട്ടിയ ഇന്ത്യക്കാരാണ് ഇരുനൂറോളം വരുന്ന സംഘത്തില്‍.

അഫ്ഗാനിലെ നിമ്‌റുസ്, മെല്‍മാന്‍ഡ്, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നിയന്ത്രണത്തിലായ താലിബാനികളുടെ കീഴിലാണ് ഇവരിലെ അല്‍ഖ്വയ്ദക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹിന്ദ് വിലായാ നേരിട്ട് പ്രവര്‍ത്തനം നടത്തുന്നത് ഐസില്‍ (ഐഎസ്‌ഐഎല്‍) എന്ന ഭീകര സംഘടന. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലവന്റ് എന്നാണ് ഐസിലിന്റെ പൂര്‍ണ രൂപം. ഐഎസ്‌ഐഎസ് എന്നും അറിയപ്പെടുന്നുവെങ്കിലും സുന്നി മസ്ലിം ചിന്താധാരയില്‍ പെടുന്നവര്‍ കൂടുതല്‍ ഐസില്‍ പക്ഷത്താണ്.

അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ കാര്യങ്ങള്‍ നയിച്ചിരുന്ന അസിം ഉമറിനു പിന്‍ഗാമിയായി വന്ന ഒസാമാ മഹ്മൂദാണ് ഇപ്പോള്‍ അല്‍ഖ്വയ്ദ വിഭാഗത്തെ നയിക്കുന്നത്. ഉമര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് ഹിന്ദ് വിലായാ വഴി അവര്‍ നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കര്‍ണാടകത്തിലും കേരളത്തിലുമാണിവരില്‍ കൂടുതല്‍ പേരും. കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാ ഏജന്‍സികള്‍ കൂച്ചു വിലങ്ങിട്ട സാഹചര്യത്തിലാണ് അവര്‍ ദക്ഷിണേന്ത്യയിലേക്ക് നീങ്ങിയിരിക്കുന്നത്.

prp

Leave a Reply

*