പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ പുസ്തകവുമായി ശശി തരൂര്‍

ദില്ലി: കഠിനമായ  ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് മാലോകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. തന്‍റെ ട്വീറ്റുകള്‍ എങ്ങനെ ഹിറ്റാക്കണമെന്ന് തരൂരിന് ആരും ക്ലാസ് എടുത്ത് നല്‍കേണ്ടതില്ലല്ലോ! എന്തായാലും ഫരാഗോയും കടന്ന് പുതിയ പ്രയോഗത്തില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. ഇക്കുറി തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രഖ്യാപനമാണ് വേദി. ദി പാരാഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതാണ് തരൂരിന്‍റെ പുതിയ പുസ്തകം.

‘എന്‍റെ പുതിയ പുസ്തകം, ദി പാരാഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍, ഇതൊരു 400 പേജ് നീളുന്ന ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷന്‍ വ്യായാമമാണ്. ഇതിന് കാരണം അറിയാന്‍ മുന്‍കൂറായി ബുക്ക് ചെയ്യൂ’, ഇതായിരുന്നു തരൂരിന്‍റെ ട്വീറ്റ്. പുസ്തകത്തില്‍ എന്താണ് പറയുന്നതെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് എംപിയുടെ പുതിയ വാക്പ്രയോഗത്തിന്‍റെ അര്‍ത്ഥം തേടി ട്വിറ്റര്‍ ലോകം പരക്കം പാഞ്ഞു, ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. ഏതെങ്കിലും ഒന്നിനെ മൂല്യമില്ലാത്തതാക്കാനുള്ള നടപടി അല്ലെങ്കില്‍ ശീലമാണ് ഈ വാക്ക്.

 

തന്‍റെ പുതിയ പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചാണ് തരൂര്‍ പ്രതിപാദിക്കുന്നത്. ‘നരേന്ദ്ര മോദി ഒരു പാരാഡോക്‌സിക്കല്‍ മനുഷ്യനാണ്. അദ്ദേഹം ഒന്ന് പറയുന്നു മറ്റൊന്ന് ചെയ്യുന്നു. പുരോഗമനപരമായ ആശയങ്ങള്‍ക്ക് ശബ്ദം നല്‍കുമ്പോള്‍ തന്നെ ഇന്ത്യന്‍ സമൂഹത്തിലെ പിന്തിരിപ്പന്‍ ആശയങ്ങളെ തലോടുകയും ചെയ്യും. ഇവരിലാണ് അദ്ദേഹം രാഷ്ട്രീയമായി പിന്തുണ തേടുന്നത്’, പുസ്തകത്തിന്‍റെ വിശദീകരണക്കുറിപ്പില്‍ തരൂര്‍ കുറിച്ചു.

പുതിയ പുസ്തകം വിറ്റുപോയാലും ഇല്ലെങ്കിലും തരൂര്‍ ഇങ്ങനൊരു ദൗത്യത്തിന് ഇറങ്ങിയെന്ന് ലോകത്തെ അറിയിക്കാന്‍ ഈയൊരു വാക്കും, ട്വീറ്റും ധാരാളം.

prp

Related posts

Leave a Reply

*