സെക്‌സ് ചാറ്റിനു സമ്മതം മൂളിയാല്‍ പൂര്‍ണ നഗ്നയായി വീഡിയോ കോളില്‍ വരും; കേരളത്തില്‍ പിടിമുറുക്കി ഹണിട്രാപ്പ് സംഘങ്ങള്‍, ജാഗ്രത

ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: വ്യാജ നഗ്ന വീഡിയോ പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഭവം കേരളത്തില്‍ വ്യാപകമാകുന്നു. ഇന്ത്യയിലെ മറ്റു വന്‍ നഗരങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തിലും വേരുറപ്പിച്ചിരിക്കുന്നത്. കോളേജ് കുമാരികളും യുവതികളും അടങ്ങുന്ന റാക്കറ്റാണ് പുതിയ തട്ടിപ്പിനു പിന്നില്‍. സമൂഹത്തിലെ ഉന്നതരെയടക്കം ഈ സംഘം കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

പലരെയും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വാട്‌സാപ്പ് നമ്ബരുകള്‍ വാങ്ങുകയാണ് യുവതികളുടെ ആദ്യ തന്ത്രം. സംശയം തോന്നാത്ത തരത്തിലാണ് ഫെയ്‌സ്ബുക്ക് ചാറ്റ്. തുടര്‍ന്ന് വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സാപ്പ് നമ്ബരുകള്‍ വാങ്ങും. അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.

ചാറ്റ് ചെയ്യുന്ന യുവതി ആദ്യം ആവശ്യപ്പെടുന്നത് സെക്‌സ് ചാറ്റാണ്. തനിക്ക് സെക്‌സ് ചാറ്റിന് താത്പര്യമുണ്ടെന്നും തയാറാണോ എന്നും ചോദിക്കും. ഇതു കേള്‍ക്കുന്ന ബഹുഭൂരിപക്ഷം യുവാക്കളും ആ കെണിയില്‍ വീഴുകയാണ് പതിവ്. ചാറ്റിന് താത്പര്യം അറിയിച്ചാല്‍ ഉടന്‍തന്നെ വീഡിയോ കോളില്‍ യുവതിയെത്തും. പൂര്‍ണ നഗ്നമായാണ് യുവതിയുടെ വീഡിയോ കോള്‍ എത്തുക. ഉടന്‍തന്നെ യുവാവിനോട് വസ്ത്രങ്ങള്‍ മാറ്റിവാരന്‍ ആവശ്യപ്പെടും. കെണിയില്‍ വീഴുന്നവര്‍ യുവതി പറയുന്നതുപോലെ അനുസരിക്കും. ഈ രംഗങ്ങളെല്ലാം മറുതലയ്ക്കല്‍ ഇരിക്കുന്ന തട്ടിപ്പു സംഘം വിദഗ്ധമായി റെക്കോര്‍ഡ് ചെയ്യും. ഇതിനു ശേഷമാണ് വിലപേശല്‍. വീഡിയോ പുറത്തു വിടാതിരിക്കണമെങ്കില്‍ 50,000 മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് തട്ടിപ്പു സംഘം ചോദിക്കുക.

പണം കൊടുത്തില്ലെങ്കില്‍ ഫെയ്‌സ്ബുക്കിലെ യുവാക്കളുടെ സുഹൃത്തുക്കള്‍ക്കെല്ലാം ഈ വീഡിയോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും. മാത്രമല്ല മറ്റു സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതു വിശ്വസിപ്പിക്കാന്‍ നേരത്തെ തട്ടിപ്പു നടത്തിയവരുടെ വീഡിയോകള്‍ അവര്‍ അയച്ചുകൊടുക്കുകയും ചെയ്യും. നാണക്കേടു ഭയന്ന് ഉന്നതരായ മാന്യന്‍മാര്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് പണം നല്‍കി തടിയൂരും.

അതേസമയം സെക്‌സ് ചാറ്റിന് വിസമ്മതിക്കുന്ന യുവാക്കളെയും തട്ടിപ്പു സംഘങ്ങള്‍ വെറുതെ വിടാറില്ല. ആ തട്ടിപ്പ് ഇങ്ങനെ… അത്തരം ചാറ്റുകള്‍ക്ക് വിസമ്മതിക്കുന്ന യുവാക്കളുടെ ഫോണിലേക്ക് വീഡിയോ കോള്‍ ചെയ്യും. ഫോണെടുക്കുമ്ബോള്‍ കാണുന്നത് പൂര്‍ണ നഗ്നതയില്‍ നില്‍ക്കുന്ന യുവതിയെയാണ്. ഒന്നും പ്രതികരിക്കാതിരുന്നാല്‍ മറുതലയ്ക്കല്‍ നില്‍ക്കുന്ന തട്ടിപ്പുകാരി കുറേ നേരം ആ വീഡിയോയില്‍ വികൃതികള്‍ കാണിച്ചുകൊണ്ടിരിക്കും.

തട്ടിപ്പു മനസിലാക്കുന്ന യുവാക്കള്‍ ഫോണ്‍ കട്ട് ചെയ്താല്‍ പുറകേ വരും മറ്റൊരു വീഡിയോ. അതായത് നേരത്തെ ചാറ്റില്‍ വന്ന പെണ്‍കുട്ടിയുടെ വീഡിയോയ്‌ക്കൊപ്പം മറ്റേതെങ്കിലും യുവാവിന്റെ നഗ്നമായ വീഡിയോ ആയിരിക്കും എഡിറ്റ് ചെയ്ത് അയക്കുക. ഈ വീഡിയോയില്‍ യുവാവിന്റെ മുഖമുണ്ടാകില്ല. പകരം മറ്റു ശരീരഭാഗങ്ങള്‍ കൃത്യമായി എഡിറ്റ് ചെയ്ത് അയക്കും. ഇത് തന്റെ വീഡിയോ ആണെന്നു പറഞ്ഞാകും തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തുക. ചിലര്‍ ഈ ഭീഷണിക്ക് വഴങ്ങി പണം നല്‍കാറുമുണ്ട്. മറ്റുചിലര്‍ തട്ടിപ്പു സംഘത്തിന്റെ നമ്ബര്‍ ബ്ലോക്ക് ചെയ്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പോകും.

നേരത്തെ ഓണ്‍ലൈന്‍ പണം തട്ടിപ്പു സംഘമായിരുന്നു സജീവമായിരുന്നത്. ഇവര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇരുന്നായിരുന്നു കളികള്‍ നടത്തിയിരുന്നത്. കേരളാ പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പണം തട്ടിപ്പു സംഘത്തിന്റെ ശല്യം കുറയ്ക്കാനായി. എന്നാല്‍ ഇത്തരത്തിലുള്ള ഹണി ട്രാപ്പുകള്‍ കേരളത്തില്‍ കൂടിവരികയാണ്. കേരളാ പൊലീസിന്റെ സൈബര്‍ ഡോം എന്ന വിഭാഗമാണ് ഇത്തരം തട്ടിപ്പുകള്‍ കണ്ടുപിടിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ദിനംപ്രതി ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിനു പരാതികളാണ് സൈബര്‍ സെല്ലിനു ലഭിക്കുന്നത്. എന്നാല്‍ തട്ടിപ്പു സംഘങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പോലും സൈബര്‍ ഡോമിനാകുന്നില്ല.

prp

Leave a Reply

*