ദുബായ്: ഈ വര്‍ഷം യുഎഇയില്‍ നടത്താനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി സഞ്ജു സാംസണ്‍. ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത് നിരാശജനകമാണെന്നും തിരഞ്ഞെടുപ്പ് ഒരു കളിക്കാരന്റെ നിയന്ത്രണത്തിലല്ലെന്നും സഞ്ജു പറഞ്ഞു.
‘ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി അതില്‍ ശ്രദ്ധ വ്യതിചലിപ്പിക്കില്ല. ഇപ്പോള്‍ എന്റെ എല്ലാ ശ്രദ്ധയും ഐപിഎല്ലിലാണ്. ടീമിലിടം നേടാനാകാതെ പോയത് വളരെ നിരാശജനകം തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ലോകകപ്പില്‍ കളിക്കുന്നതും എല്ലാ കളിക്കാര്‍ക്കും ഒരു വലിയ സ്വപ്നമാണ്. ഞാന്‍ അത് വളരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുക്കല്‍ ഒരു കളിക്കാരന്റെ നിയന്ത്രണത്തിലുള്ളതല്ല’ സഞ്ജു പറഞ്ഞു.
ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ വന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഐപിഎല്ലായിരുന്നു മറ്റൊരു പിടിവള്ളിയെങ്കിലും ടൂര്‍ണമെന്റിന്റെ രണ്ടാംപാദത്തിന് മുമ്ബേ ടീം പ്രഖ്യാപനം വന്നത് നിര്‍ഭാഗ്യമായി. ഇഷാന്‍ കിഷനാണ് സഞ്ജുവിന്റെ സ്ഥാനത്ത് നറുക്ക് വീണത്.

