ചില്ലറക്കാരനല്ല സജീവ്; രമ്യയെ കൊന്ന് കുഴിച്ചിട്ട വീട്ടില്‍ കഴിഞ്ഞത് ഒന്നരവര്‍ഷം, ഭാര്യ മറ്റൊരാളുടെ ഒപ്പം പോയെന്ന് പറഞ്ഞുപരത്തി

വൈപ്പിന്‍: ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചുമൂടിയ ശേഷം അതേവീട്ടില്‍ കൂസലന്യേ ഒന്നര വര്‍ഷം താമസിക്കുക, ഭാര്യ ബംഗളൂരുവില്‍ പഠനത്തിന് പോയെന്നും അവിടെ വെച്ച്‌ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിയെന്നും പ്രചരിപ്പിക്കുക, കാണ്മാനില്ലെന്ന് കാട്ടി പരാതി നല്‍കുക….

തീര്‍ത്തും അവിശ്വസനീയമായ കാര്യങ്ങള്‍ക്കാണ് ഇന്നലെ ഞാറക്കലില്‍ തുമ്ബുണ്ടായത്.

ഭാര്യ രമ്യ(36)യെ കാണാനില്ലെന്ന് ഒരു വര്‍ഷം മുമ്ബ് പരാതി നല്‍കിയ എറണാകുളം എടവനക്കാട് വാച്ചാക്കല്‍ പഞ്ചായത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അറക്കപ്പറമ്ബില്‍ സജീവാണ് (44) താന്‍ തന്നെ കൊന്ന് കുഴിച്ച്‌ മൂടിയതാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പൊലീസിനുമുന്നില്‍ നടത്തിയത്. കയര്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചുകൊന്നശേഷം താമസിച്ചിരുന്ന വീടിന്‍റെ സിറ്റൗട്ടിന് സമീപം കുഴിച്ചുമൂടുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

അറസ്റ്റിലായ സജീവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടവും നടത്തി.

വാച്ചാക്കലില്‍ വര്‍ഷങ്ങളായി വാടകക്ക് താമസിച്ച്‌ വരുകയായിരുന്നു വൈപ്പിന്‍ സ്വദേശികളായ രമ്യയും സജീവനും. 2021 ആഗസ്റ്റിലാണ് രമ്യയെ കാണാതാകുന്നത്. ഭാര്യ ബംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയിരിക്കുകയാണെന്നും അവിടെനിന്ന് വിദേശത്തേക്ക്‌ പോകുമെന്നുമാണ് ഇതേപ്പറ്റി സജീവന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍, രമ്യയെപ്പറ്റി ഒരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കളും അന്വേഷിക്കാന്‍ തുടങ്ങി.

ഇതിനിടെ, സജീവന്‍ ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ, രമ്യയെപ്പറ്റി സജീവന്‍ പലരോടും പലരീതിയില്‍ പറഞ്ഞത് സംശയത്തിനിടയാക്കി. പൊലീസും മൊഴിയിലെ വൈരുധ്യം ശ്രദ്ധിച്ചു. തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

തെളിവുകള്‍ സമാഹരിച്ച ശേഷം വ്യാഴാഴ്ച രാവിലെ സജീവനെ സ്റ്റേഷനില്‍ വിളിപ്പിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. രമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.

പകല്‍സമയത്ത് വാക്തര്‍ക്കത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാത്രി മൃതദേഹം കുഴിച്ചുമൂടി. ആ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയും ചെയ്തു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പിലുമായിരുന്നു. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. സംഭവ സമയത്ത് അവര്‍ വീട്ടിലുണ്ടായിരുന്നില്ല.

പെയിന്‍റിങ് തൊഴിലാളിയായ സജീവ് നാട്ടിലെ സൗഹൃദക്കൂട്ടായ്മകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്നു. അതേസമയം, എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന രമ്യയാകട്ടെ അയല്‍വാസികളുമായിപോലും കാര്യമായ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ്.

എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ടി.ബിജി ജോര്‍ജ്, മുനമ്ബം ഡിവൈ.എസ്.പി എം.കെ. മുരളി, ഞാറക്കല്‍ ഇന്‍സ്പെക്ടര്‍ രാജന്‍ കെ. അരമന, മുനമ്ബം ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ മാഹീന്‍ സലിം, വന്ദന കൃഷ്ണന്‍, വി.എം. ഡോളി, എ.എസ്.ഐമാരായ ദേവരാജ്, ഷാഹിര്‍, സി.പി.ഒമാരായ ഗിരിജാവല്ലഭന്‍, സ്വരാഭ്, സിമില്‍, പ്രീജന്‍, ലിബിഷ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

prp

Leave a Reply

*