മേസ്തിരി കൈപ്പുള്ളി പുഷ്‌കരന്റെ മകന്‍; തട്ടിയത് 150 കോടി

തൃശൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് ഇയാള്‍ തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും(12) തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലും(5) കുന്നംകുളം സ്റ്റേഷനിലുമായി(ഒന്ന്) പതിനെട്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 150 കോടിയിലേറെ രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തു എന്നാണ് കേസ്. നൂറിലേറെ പേര്‍ ഇതിനകം പരാതി നല്കിയിട്ടുണ്ട്. ഒരാഴ്ചയായി ഇയാളെ പോലീസ് തിരയുകയായിരുന്നു.

നേപ്പാള്‍ വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പണത്തിനായി പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. ഒടുവില്‍ വിവാഹമോതിരം വിറ്റ് 75,000 രൂപ സംഘടിപ്പിച്ചു. പൊള്ളാച്ചിയിലെ ഒരു ക്വാറിയില്‍ തൊഴിലാളികളോടൊപ്പം ഒളിവില്‍ കഴിഞ്ഞു വരവേയാണ് പിടികൂടിയത്. വന്‍ പലിശ വാഗ്ദാനം ചെയ്ത് സ്വരൂപിച്ച പണം സിനിമാ നിര്‍മാണത്തിനടക്കം മുടക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും പണം മുടക്കിയിട്ടുണ്ടെന്നാണ് വിവരം എന്ന് പോലീസ് പറഞ്ഞു

കുന്നത്തങ്ങാടി വെളുത്തൂരിലെ മേസ്തിരിയായിരുന്ന കൈപ്പുള്ളി പുഷ്‌കരന്റെ മകന്‍ കെ.പി.പ്രവീണ്‍ ആണ് പ്രവീണ്‍ റാണയായി വളര്‍ന്നത്. ലക്ഷംവീട് കോളനിയുടെ സമീപത്താണു വീട്. സമീപത്തെ സാധാരണ സ്‌കൂളുകളില്‍ വിദ്യാഭ്യാസം.

പുഷ്‌ക്കരന്‍ വീടുനിര്‍മാണ കരാറുകളെടുക്കുമായിരുന്നു. മകനെ വീടുകളുടെ പ്ലാന്‍ വരയ്ക്കുന്ന സിവില്‍ എന്‍ജിനീയറാക്കാന്‍ തൃശൂരിലെ എന്‍ജിനീയറിങ് കോളജില്‍ മകനെ ചേര്‍ത്തു. പാസ്സായില്ലങ്കിലും പഠനം പൂര്‍ത്തിയാക്കിയെങ്കിലും വീടിനു സമീപം കുന്നത്തങ്ങാടി ജംക്ഷനിലെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ കടമുറി വാടകയ്‌ക്കെടുത്ത് കൈപ്പുള്ളീസ് എന്ന വിവാഹ, ജോലി കണ്‍സല്‍റ്റന്‍സി സ്ഥാപനം തുറന്നു. ചലച്ചിത്ര നിര്‍മാണവും മറ്റും പ്രഖ്യാപിച്ചു. ഇവന്റ് മാനേജ്‌മെന്റ്, മെഗാഷോ തുടങ്ങിയവയിലൂടെ വളരാന്‍ ആ മേഖലകളിലെ പലരുമായി ബന്ധം സ്ഥാപിച്ചു.

2010 ല്‍ പുഴയ്ക്കല്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ യൂത്ത് രത്‌ന അവാര്‍ഡ്‌സ് എന്ന പേരില്‍ മെഗാഷോ സംഘടിപ്പിച്ചു. പൃഥ്വിരാജിനു മികച്ച നായകനായും ബാലയ്ക്കു മികച്ച വില്ലനായും പുരസ്‌കാരം നല്‍കി. എത്തിയ സീരിയല്‍ താരങ്ങള്‍, െ്രെഡവര്‍മാര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ക്കു പണം കൊടുക്കാതിരുന്നത് പ്രശ്‌നമായി. തൃശൂര്‍ നഗരത്തില്‍ ആദംബസാര്‍ ബില്‍ഡിങ്ങില്‍ ഓഫിസ് തുറന്നുകൊണ്ട് ഡയറക്‌ട് മാര്‍ക്കറ്റിങ്, മണി ചെയിന്‍ മേഖലയില്‍ ഇറങ്ങി.ബിസിനസില്‍നിന്നു ലഭിച്ച ലാഭം മുംബൈ, പുണെ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലെ പൂട്ടാറായ പബ്ബുകളിലും ഡാന്‍സ് ബാറുകളിലും മറ്റും നിക്ഷേപിച്ചു വലിയ ലാഭമുണ്ടാക്കി. വലിയ പലിശ നല്‍കി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചു. സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ധനകാര്യ സ്ഥാപനം ബ്രാന്‍ഡ് ചെയ്തു.പേരിനൊപ്പം ഡോക്ടര്‍ ചേര്‍ത്ത് ലൈഫ് ഡോക്ടര്‍ എന്നു ബ്രാന്‍ഡ് ചെയ്തു. ടിവി ഷോകള്‍, സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഇവയിലൂടെ നിക്ഷേപകരെ ആകര്‍ഷിച്ചു. കെ.പി.പ്രവീണ്‍ എന്നതിനു പകരം പ്രവീണ്‍ റാണ എന്ന പേരു സ്വീകരിച്ചു.

കുന്നത്തങ്ങാടിയില്‍ ബോഡിഗാര്‍ഡുകളുടെ അകമ്ബടിയില്‍ ആഡംബര വാഹനത്തില്‍ വന്നുതുടങ്ങി. കോളനിയോടു ചേര്‍ന്നുള്ള ഇടുങ്ങിയ, ടാര്‍ വീഴാത്ത വഴിയിലൂടെ ബെന്‍സും ബിഎംഡബ്ല്യുവും റുബികോണ്‍ ആഡംബരക്കാറും എത്തി.വീട്ടിലേക്കു വലിയ കാറുകള്‍ കയറാന്‍ ബുദ്ധിമുട്ടായതിനാല്‍ മുന്‍ഭാഗത്ത് സ്ഥലം വാങ്ങി ഇവിടെ 10 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാവുന്ന ഷെഡ് പണിതു. ഒറ്റനില വീട് 3 നിലയായി. പരിസരത്തു ചില വീടുകളും സ്ഥലവും വാങ്ങിക്കൂട്ടി. ഗേറ്റിലും മതിലുകളിലും സിംഹത്തിന്റെ ശില്‍പങ്ങളും മറ്റും വച്ചുപിടിപ്പിച്ചു.

ധൂര്‍ത്തും ആഡംബരവും കൂടിയതോടെ ബിസിനസ് പാളി. 4 കോടി മുടക്കി ആഘോഷിച്ചെന്നു പറയുന്ന വിവാഹത്തിന്റെ ആല്‍ബം തേക്കുതടിപ്പെട്ടിയില്‍ തീര്‍ത്തതിനു മാത്രം 25 ലക്ഷം രൂപ. കാറുകളുടെ മാത്രം മൂല്യം മൂന്നുകോടിയോളം രൂപ. 2020 ല്‍ അനാന്‍ എന്ന സിനിമ നിര്‍മിച്ച്‌ സ്വയം അഭിനയിച്ചു. പക്ഷേ, ചിത്രം തിയറ്ററിലെത്തിയില്ല. 2022 ല്‍ ചോരന്‍ എന്ന സിനിമ കൂടി നിര്‍മിച്ചു നായകനായി അഭിനയിച്ചു. ചിത്രം ഇറങ്ങിയപ്പോഴേക്കും പേര് അറംപറ്റി.പുതിയ നിക്ഷേപകര്‍ കുറഞ്ഞതോടെ ആദ്യകാല നിക്ഷേപകരുടെ മുതലും പലിശയും മുടങ്ങി. ആദ്യം പരാതിയുമായി വന്നവരുടെ പണം തിരിച്ചുനല്‍കി പിടിച്ചുനിന്നു. പരാതികള്‍ കൂടിയതോടെ പലയിടത്തെയും നിക്ഷേപങ്ങള്‍ പിന്‍വലിച്ചു മുങ്ങി. ഒടുവില്‍ അകത്തും.

കേസും അറസ്റ്റും ആയതോടെ ബിസിനസ് പകുതിയില്‍ വച്ച്‌ നിലയ്ക്കുന്ന സാഹചര്യമാണെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന്‍ സമയം വേണമെന്നും കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോട് റാണ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ റാണയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് സിഐ പി. ലാല്‍കുമാര്‍ അറിയിച്ചു.

പരാതികള്‍ ഉയര്‍ന്നതോടെ ഒരാഴ്ച മുന്‍പ് അയ്യന്തോളിലെ റാണാസ് റിസോര്‍ട്ടില്‍ ഇയാള്‍ നിക്ഷേപകരുടെ യോഗം വിളിച്ചപ്പോള്‍ നൂറിലേറെ പേര്‍ പങ്കെടുത്തിരുന്നു. ബിസിനസ് അല്പം തകര്‍ച്ചയില്‍ ആണെന്നും സാവകാശം വേണമെന്നും റാണ പറഞ്ഞെങ്കിലും പണം കിട്ടാതെ മടങ്ങില്ല എന്ന നിലപാടിലായിരുന്നു നിക്ഷേപകര്‍. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് എത്തി. പിന്നീട് പോലീസിന്റെ സാന്നിധ്യത്തില്‍ നിക്ഷേപകര്‍ക്ക് റാണ ചെക്ക് ഒപ്പിട്ടു നല്കി.

കമ്ബനിയില്‍ ഒരുത്തരവാദിത്വവും ഇല്ലെന്നും സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ കമ്ബനിയിലെ ജീവനക്കാരന്‍ മാത്രമാണ് താനെന്നും റാണ നിക്ഷേപകരുടെ വാട്സ്‌ആപ്പ് കൂട്ടായ്മയില്‍ ശബ്ദ സന്ദേശം വഴി അറിയിച്ചു. കമ്ബനിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും പണത്തിന്റെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും കൂടി സന്ദേശത്തില്‍ റാണ പറഞ്ഞു. തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതികളുമായി പോലീസിനെ വീണ്ടും സമീപിച്ചത.് പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ കൂട്ടായ്മ രൂപീകരിക്കുകയും സംഘടന രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

prp

Leave a Reply

*