ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം; ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്നാവശ്യവുമായി പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നു.

ശബരിമലയിലെ 144 പിന്‍വലിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. പിന്നീട് സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബഹളം വെച്ചു. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം ചെയ്യുന്ന എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷമെത്തിയത്.

prp

Related posts

Leave a Reply

*