ഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീ മധുരം; വിതരണം ചെയ്യുന്നത് 100 ഗ്രാമിന്‍്റെ പക്കറ്റുകള്‍, ലഭിക്കുന്നത് ഒരു കോടിയില്‍പ്പരം രൂപയുടെ വിറ്റുവരവ്

തൃശൂര്‍: ഓണക്കിറ്റില്‍ ഇക്കുറി കുടുംബശ്രീയുടെ കൈപ്പുണ്യവും. 32 യൂണിറ്റുകളിലെ വനിതകള്‍ നിര്‍മ്മിക്കുന്ന ശര്‍ക്കരവരട്ടി കിറ്റുകളില്‍ മാധുര്യം നിറയ്ക്കും.

കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വര്‍ഷവും ഓണക്കിറ്റില്‍ ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കിയിരുന്നു. ചാലക്കുടി, ചാവക്കാട്, തൃശൂര്‍, വടക്കാഞ്ചേരി എന്നീ നാല് ഡിപ്പോകളിലായി 333500 ചിപ്പ്‌സ് പാക്കറ്റുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത്.

ശര്‍ക്കരവരട്ടി സപ്ലൈകോ ഡിപ്പോകളിലേക്കാണ് വിതരണത്തിനായി കൈമാറുന്നത്. ഇരുന്നൂറില്‍പരം കുടുംബശ്രീ അംഗങ്ങളാണ് ചിപ്‌സ് നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഏത്തക്കായ് അരിയുന്നത് മുതല്‍ രുചികരമായ ശര്‍ക്കര വരട്ടി തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് നിര്‍മ്മാണം.

പാചകമുറിയിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും പൂര്‍ണമായും ശുചിത്വം പാലിക്കുന്നു. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും കൃത്യമായ നിരീക്ഷണവും നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ട്. ചിപ്‌സ് നിര്‍മ്മാണത്തിനാവശ്യമായ കായക്കുലകള്‍ കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകളില്‍ നിന്നും നാട്ടു കര്‍ഷകരില്‍ നിന്നുമാണ് വാങ്ങുന്നത്. 100 ഗ്രാമിന്റെ പാക്കറ്റുകളാണ് വിതരണം ചെയ്യുക.

ചിപ്‌സ് പാക്കറ്റ് ഒന്നിന് 27+12% ജിഎസ്ടി എന്ന നിരക്കിലാണ് വില. സപ്ലൈകോ ചിപ്‌സ് വിതരണവുമായി ബന്ധപ്പെട്ട് ഒരു കോടിയില്‍പരം രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുന്നത്. ഓര്‍ഡര്‍ ലഭിച്ചതോടെ നിര്‍മ്മാണവും പാക്കിംഗും ആദ്യഘട്ട വിതരണവും ആരംഭിച്ചുകഴിഞ്ഞു.

prp

Leave a Reply

*