കാക്കനാട്ടെ ഫ്ലാറ്റില്‍ യുവാവ്‌ കുത്തേറ്റ്‌ മരിച്ചനിലയില്‍; സുഹൃത്ത്‌ ഒളിവില്‍

കൊച്ചി> കാക്കനാട് ഇടച്ചിറയില്‍ ഫ്ലാറ്റിലെ 16–-ാംനിലയില്‍ യുവാവ് കുത്തേറ്റ് മരിച്ചനിലയില്‍. മലപ്പുറം വണ്ടൂര്‍ അമ്ബലപ്പടി പുത്തന്‍പുരയില്‍ സജീവ് കൃഷ്ണനാണ് (22) കൊല്ലപ്പെട്ടത്.

ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ ജീവനക്കാരാനാണ്. ബാല്‍ക്കണിയിലെ പൈപ്പില്‍ ചാരിനിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പയ്യോളി സ്വദേശി ഒളിവില്‍. കൊച്ചി നഗരത്തിലും സമീപത്തുമായി ആറുദിവസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണിത്.

ഇടച്ചിറ വല്യാത്ത് അമ്ബലത്തിനുസമീപം ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ നാലുയുവാക്കളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ രണ്ടുപേര്‍ കഴിഞ്ഞദിവസം വിനോദയാത്രപോയിരുന്നു. മറ്റൊരാള്‍ വീട്ടിലേക്കും പോയി. മുകളിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന പയ്യോളി സ്വദേശിയായ സുഹൃത്ത് ഈ സമയം സജീവിനൊപ്പമുണ്ടായിരുന്നു. വിനോദയാത്രപോയവര്‍ തിങ്കള്‍ രാത്രി തിരിച്ചുവന്ന് ഫ്ലാറ്റിന്റെ ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. ഫ്ലാറ്റിലുണ്ടായിരുന്ന സജീവിന്റെയും പയ്യോളി സ്വദേശിയുടെയും ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ മെസേജ് അയച്ചു. അപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി മെസേജ്. തുടര്‍ന്ന് ഇവര്‍ മറ്റൊരിടത്ത് മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് തിരിച്ചുവന്നിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍കൊണ്ട് ഫ്ലാറ്റ് തുറന്നപ്പോള്‍ ഹാളില്‍ രക്തം കണ്ട് ഇവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും തലയ്ക്ക് വെട്ടേറ്റതായും ശരീരത്തില്‍ നിറയെ മുറിവുകളുള്ളതായും പൊലീസ് പറഞ്ഞു. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞതായി സംശയിക്കുന്നു. മൃതദേഹം കവറുകള്‍കൊണ്ട് മറച്ച്‌, ബെഡ് ഷീറ്റില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. സജീവിന്റെ ഫോണ്‍ കാണാനില്ല. ഇവരുടെ മുറിയില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

prp

Leave a Reply

*