എറണാകുളം മാര്‍ക്കറ്റിന്റെ മുഖച്ഛായ മാറും

കൊച്ചി: ഒടുവില്‍, എറണാകുളം മാര്‍ക്കറ്റ് നവീകരണത്തിന് ജീവന്‍ വയ്ക്കുന്നു. ഇതിന് മുന്നോടിയായി നിലവിലെ കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള 1.25 ഏക്കര്‍ വരുന്ന സ്ഥലത്തേക്കാണ് ഇവരെ മാറ്റുന്നത്. 213 കച്ചവടക്കാരെയാണ് മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള സ്ഥലത്തേക്ക് മാറ്റുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ മാര്‍ക്കറ്റ് പൂര്‍ത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കച്ചവടത്തിനായി ഇവിടെ സ്റ്റീല്‍ കൊണ്ടുള്ള താത്കാലിക സ്റ്റാളുകള്‍ നിര്‍മ്മിക്കും. സാധനങ്ങള്‍ ഇറക്കാനും കയറ്റാനുമുള്ള സൗകര്യമുണ്ടാവും. 4.98 കോടി രൂപയാണ് പദ്ധതിതുക. മേരിമാതാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ടെന്‍ഡര്‍ നടപടി ക്രമങ്ങളിലൂടെയാണ് ഈ ഏജന്‍സിയെ തിരഞ്ഞെടുത്തത്. രണ്ടര മാസത്തിനുള്ളില്‍ താത്കാലിക സംവിധാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡ് ( സി.എസ്.എം.എല്‍) സി.ഇ.ഒ ജാഫര്‍ മാലിക്കിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു.

തുണയായത് കോടതിവിധി

വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ തര്‍ക്കംനിലനില്‍ക്കുന്ന ഭൂമിയായതിനാല്‍ കച്ചവടക്കാരെ ഇങ്ങോട്ടു മാറ്റുന്നതിനുള്ള നീക്കങ്ങള്‍ അനിശ്ചിതമായി നീളുകയായിരുന്നു. സ്റ്റാള്‍ ഓണേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കച്ചവടക്കാരെ താത്കാലികമായി മാറ്റാന്‍ കണ്ടെത്തിയ വഖഫ് സ്ഥലം എത്രയും വേഗം കൊച്ചി സ്മാര്‍ട്ട് മിഷന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെയാണ് മാര്‍ക്കറ്റ് നവീകരണത്തിന് വീണ്ടും ചിറക് മുളച്ചത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മാര്‍ക്കറ്റിന്റെ മുഖച്ഛായ മാറും.മേരിമാതാ ഇന്‍ഫ്രാസ്ട്രക്ചറിന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതിലൂടെ മാര്‍ക്കറ്റ് നവീകരണത്തിന്റെ ആദ്യ പടിയിലേക്ക് കടന്നിരിക്കുകയാണ്. കഴിയുന്നത്ര വേഗത്തില്‍ നിലവിലുള്ള സ്റ്റാളുകളെ താത്കാലിക സംവിധാനത്തിലേക്ക് മാറ്റും.

ജാഫര്‍ മാലിക്ക്, സി.ഇ.ഒ

സി.എസ്.എം.എല്‍

prp

Leave a Reply

*