കൊല്ലം: പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും.
ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പോലീസിന്റെ കസ്റ്റഡിയിലാണ്. റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി പ്രമോദാണു പ്രേരിപ്പിച്ചതെന്നും റംസിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതിശ്രുത വരന് ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണു ലക്ഷ്മി. ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്നു പോലീസ് അറിയിച്ചു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
ഇരവിപുരം വാളത്തുംഗല്നിന്നു കൊട്ടിയം കൊട്ടുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന 24-കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരുടെയും വിവാഹം നിശ്ചയിച്ച് വളയിടീല്‍ ചടങ്ങും നടത്തിയിരുന്നു.
പലപ്രാവശ്യം യുവാവ് വീട്ടുകാരില്‍നിന്ന് പണവും ബിസിനസ് ആവശ്യത്തിനായി സ്വര്‍ണവും കൈപ്പറ്റിയിരുന്നതായും യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സഹോദരിയുടെ കുഞ്ഞിനെ ഉറക്കുന്ന തൊട്ടിലിന്റെ കയറില്‍ യുവതി തൂങ്ങി മരിച്ചതായി കണ്ടത്.

