രാജ്യത്ത് വികസനത്തിന്റെ ഏറ്റവും വലിയ വക്താവ് മോദിയാണ് , അദ്ദേഹത്തിന് മുന്‍പ് അങ്ങനെ ഒരാളും ഉണ്ടായിരുന്നില്ല: ശിവസേന

മുംബയ്: മതിലുകള്‍ നിര്‍മിച്ച്‌ ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമര്‍ശവുമായി ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’. അടുത്ത ആഴ്ച അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്ര ചെയ്യുന്ന പാതയിലെ ചേരികള്‍ മതിലുകള്‍ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തെയാണ് ശിവസേന പരിഹസിച്ചത്.

മുന്‍പ് ‘ദാരിദ്ര്യത്തെ അകറ്റൂ'(ഗരീബി ഹഠാവോ) എന്ന മുദ്രാവാക്യമാണ് രാജ്യത്ത്നിലനിന്നിരുന്നതെങ്കില്‍ ഇന്നത് ‘ദാരിദ്ര്യത്തെ മറയ്ക്കൂ'(ഗരീബി ചുപ്പാവോ) എന്നതായി മാറിക്കഴിഞ്ഞുവെന്നും ‘സാമ്‌ന’ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തുണ്ടായിരുന്ന അതിപ്രശസ്തമായ വാചകമാണ് ‘ഗരീബി ഹഠാവോ’.

ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ഗുജറാത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നത് രാജ്യത്ത് ഇപ്പോഴും ബാക്കി നില്‍ക്കുന്ന ബ്രിട്ടീഷ് ഭരണത്തിന്റെ കാലത്തുണ്ടായിരുന്ന അടിയാള മനോഭാവത്തെയാണെന്നും ശിവസേനാ മുഖപത്രം വിമര്‍ശിക്കുന്നു. ഏതെങ്കിലും ബ്രിട്ടീഷ് റാണിയോ രാജാവോ വരുമ്ബോള്‍ അന്ന് രാജ്യം പെരുമാറിയിരുന്നതിനോട് സമാനമാണ് ഇതെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

ഏകദേശം മൂന്ന് മണിക്കൂര്‍ മാത്രമാണ് ട്രംപിന്റെ സന്ദര്‍ശനം നീണ്ടുനില്‍ക്കുക എന്നും എന്നാല്‍ അതിനായി രാജ്യത്തിന്റെ 100 കോടിയോളം രൂപ കേന്ദ്രം ചിലവഴിക്കുകയെന്നും ‘സാമ്ന’യുടെ മുഖപ്രസംഗത്തില്‍ ശിവസേന അഭിപ്രായപ്പെടുന്നു.

ഈ പരാമര്‍ശങ്ങള്‍ പോരാതെ, മോദിയാണ് ഇന്ത്യയുടെ വികസനത്തിന്റെ ഏറ്റവും വലിയ പ്രമാണികനെന്നും, അദ്ദേഹത്തിന് മുന്‍പ് രാജ്യത്ത് അത്തരത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ശിവസേന മുഖപ്രസംഗത്തില്‍ കണക്കിന് പരിഹസിക്കുന്നു. അദ്ദേഹത്തിന് മുന്‍പ് രാജ്യത്ത് ആരും വികസനം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹത്തിന് ശേഷം ആരും അത് കൊണ്ടുവരാന്‍ പോകുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.

അങ്ങനെയുള്ള ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ എന്തിനാണ് രാജ്യത്തെ ദാരിദ്ര്യത്തെ മതില്‍ കെട്ടി മറയ്‌ക്കേണ്ടതെന്നും ശിവസേന ചോദിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ അഹമ്മദാബാദ് സന്ദര്‍ശനം മോദിയും ട്രംപും തമ്മിലുള്ള ഒത്തുതീര്‍പ്പാണെന്നും അമേരിക്കയുടെ ജനസംഖ്യയില്‍ വന്‍പിച്ച ഗുജറാത്തി പ്രാതിനിധ്യം ഉള്ളതുകൊണ്ടാണ് ഇതെന്നും ശിവസേന കുറ്റപ്പെടുത്തി.

prp

Leave a Reply

*