റോസ്ഗര്‍ മേള; രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നം; 71,000 പേര്‍ കൂടി സര്‍ക്കാര്‍ സര്‍വീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗര്‍ മേളയുടെ ഭാഗമായി 71,000 നിയമനങ്ങള്‍ കൂടി പുതുതായി നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേര്‍ക്ക് നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിതരണം ചെയ്തു.

10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതാണ് റോസ്ഗര്‍ മേള എന്നും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനുള്ള ശ്രമമാണിതെന്നും നിയമന കത്ത് കൈമാറി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സന്തോഷം മാത്രമല്ല റോസ്ഗര്‍ മേള, രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് ഊര്‍ജസ്വലതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാണ് റോസ്ഗര്‍ മേള എന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര്‍ മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ റോസ്ഗര്‍ മേള ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്നും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളികളാകാനും അവസരങ്ങള്‍ നല്‍കുന്നതാണ് റോസ്ഗര്‍ മേള എന്നും പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ടെക്‌നീഷ്യന്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിങ്ങനെ സര്‍ക്കാര്‍ വകുപ്പുകളിലേയ്‌ക്കുള്ള നിയമന കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, അദ്ധ്യാപകന്‍, നഴ്‌സ്, ഡോക്ടര്‍, സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലും നിയമനം നടന്നു. 2022 നവംബര്‍ 22-ന് 71,000 നിയമന കത്തുകളും ഒക്ടോബറില്‍ 75,000-ത്തിലധികം കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.

prp

Leave a Reply

*