മാഫിയ ബന്ധത്തിന്റെ പേരില്‍ ഇത്തരമൊരു നടപടി കേരള ചരിത്രത്തിലാദ്യം! മംഗലപുരം സ്റ്റേഷന്‍ ‘വെടിപ്പാക്കി’

തിരുവനന്തപുരം: ഗുണ്ട-മണ്ണ് മാഫിയ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി.

ഇതില്‍ എസ്.എച്ച്‌.ഒ ഉള്‍പ്പെടെ ആറുപേര്‍ക്ക് സസ്പെന്‍ഷനും നാലുപേര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ട്. മാഫിയ ബന്ധത്തിന്‍റെ പേരില്‍ കേരള ചരിത്രത്തിലാദ്യമായാണ് ഒരു സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുന്നത്.

സ്റ്റേഷന്‍ പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും ബന്ധംസ്ഥാപിച്ച്‌ സാമ്ബത്തിക നേട്ടമുണ്ടാക്കിയെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടിയെന്ന്‌ റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ വ്യക്തമാക്കി. ഈ വിഷയത്തില്‍ എസ്.എച്ച്‌.ഒ സജീഷിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് ഗ്രേഡ്‌ എസ്‌.ഐമാരായ ഗോപകുമാര്‍, അനൂപ്‌കുമാര്‍, ഗ്രേഡ്‌ എ.എസ്‌.ഐ ജയന്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായ കുമാര്‍, സുധികുമാര്‍ എന്നിവരെ വ്യാഴാഴ്‌ച രാത്രി സസ്‌പെന്‍ഡ് ചെയ്തു. അതിന് പിന്നാലെയാണ് എല്ലാ പൊലീസുകാരെയും മാറ്റിയത്. ചിറയിന്‍കീഴ്‌ എസ്.എച്ച്‌.ഒ മുകേഷിനാണ്‌ പകരം ചുമതല.

മംഗലപുരം എസ്‌.ഐയായിരുന്ന ആര്‍. മനുവിനെ ചിറയിന്‍കീഴിലേക്ക്‌ സ്ഥലംമാറ്റി. പകരം ഡി.ജെ. ശാലുവിനെ നിയമിച്ചു. സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെ ചിറയിന്‍കീഴ്‌, പോത്തന്‍കോട്‌, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്‌, വട്ടപ്പാറ സ്റ്റേഷനുകളിലും ഡി.സി.ആര്‍.ബി, ജില്ല ആംഡ്‌ സര്‍വിസ്‌ എന്നിവിടങ്ങളിലേക്കുമാണ്‌ സ്ഥലംമാറ്റിയത്. പകരം സമീപത്തെ സ്റ്റേഷനുകളിലുള്ളവരെ ഇവിടങ്ങളിലേക്ക് മാറ്റിനിയമിച്ചു.

അതിനിടെ, ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എം. സാജിദിനുനേരെ സസ്പെന്‍ഷനിലായ എ.എസ്.ഐ ജയന്‍ വധഭീഷണി മുഴക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ആരോപിച്ചായിരുന്നത്രെ ജയന്‍ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയത്. സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. സാജിദിന്റെ മൊഴി രേഖപ്പെടുത്തി കഴക്കൂട്ടം പൊലീസ് കേസെടുത്തു. നേരത്തേ രണ്ട് ക്രിമിനല്‍ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചയാളാണ് എ.എസ്.ഐ ജയന്‍.

prp

Leave a Reply

*