മധുവിന്‍റെ കൊലപാതകം: എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

അഗളി: ആള്‍ക്കൂട്ട അക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് സൂചന നല്‍കി. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.

 

മധുവിനെ മുക്കാലി-പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെ വെച്ചും പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തുക. ഇതില്‍ മേച്ചേരി ഹുസൈന്‍ എന്നയാള്‍ മധുവിന്‍റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ മറ്റ് പ്രതികള്‍ മധുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിടികൂടാന്‍ പോയ സംഘത്തിനൊപ്പം ഇവര്‍ പോവുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമം, അനധികൃതമായി വനമേഖലയില്‍ കടക്കുക എന്നിവ ബാധകമാണെന്ന് പോലീസ് പറഞ്ഞു.

മധുവിനെ മര്‍ദിക്കുന്നത് പകര്‍ത്തിയ 5 മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. പരിശോധന ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതിനുശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക. കേസുമായി ബന്ധപ്പെട്ട് 70 സാക്ഷികളുടെ മൊഴിയെടുത്തു.

 

 

 

prp

Related posts

Leave a Reply

*