പാലക്കാട്: മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പെട്രോള്‍ പമ്പിന് പിറകിലെ ഒഴിഞ്ഞ പ്രദേശത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്‍റെ ഡ്രൈവര്‍ തൃശൂര്‍ മുളയം സ്വദേശി ജോയ് ആന്‍റോ , ക്ലീനര്‍ പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
ചത്തീസ്ഗഡ് മാന്‍പൂര്‍ സ്വദേശികളായ ബെല്ലി ഷോറി (18), സുരേഷ് ഗൗഡ (15) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രാജേഷ് ഗൗഡ ഗുരുതര പരിക്കുകളോടെ വട്ടമ്പലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്, മരിച്ച രണ്ടുപേരുടെയും തലയിലൂടെ ബസിന്‍റെ പിന്‍ചക്രം കയറുകയായിരുന്നു.
18ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മണ്ണാര്‍ക്കാട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് പുലര്‍ച്ചെ പുറപ്പെടാനായി പുറകിലേക്ക് എടുത്തപ്പോഴാണ് തൊഴിലാളികളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അപകടം നടന്നതറിയാതെ ഡ്രൈവര്‍ ബസ് ഓടിച്ചു പോവുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

