അടിവസ്ത്രം വാങ്ങുന്നതിന് പോലും അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്; കന്യാസ്ത്രീയുടെ പണവും സമ്ബാദ്യവുമെല്ലാം സഭക്കുവേണ്ടിയെന്നും സിസ്റ്റര്‍‌ ലൂസി കളപ്പുരക്കല്‍

കോഴിക്കോട്: സന്യാസമഠങ്ങളില്‍ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്ന് സിസ്റ്റര്‍‌ ലൂസി കളപ്പുരക്കല്‍. ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ‘പാന്‍ 22’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു അവര്‍.

ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ സഭക്ക് പുറത്താവുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ചൂണ്ടിക്കാട്ടി. ‘ കന്യാസ്ത്രീയുടെ പണവും സമ്ബാദ്യവുമെല്ലാം സഭക്കുവേണ്ടിയാണ് ചെലവാകുന്നത്. അടിവസ്ത്രം വാങ്ങുന്നതിന് പോലും, അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്. ഒന്ന് ഉറക്കെ സംസാരിക്കുന്നതുപോലും കുറ്റമാണ്. ശരിക്കും അടിമകളെപ്പോലെയാണ് അവരുടെ ജീവിതം. 15ാം വയസ്സിലും മറ്റുമായി സ്വയം തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് ഇവരില്‍ പലരും കോണ്‍വെന്റുകളില്‍ എത്തിപ്പെടുത്ത്. അങ്ങനെ സര്‍ക്കാര്‍ ജോലിയടക്കം ചെയ്ത എത്ര തന്നെ വരുമാനം ഉണ്ടാക്കിയാലും ഒരു പൈസ പോലും സ്വന്തം ആവശ്യത്തിന് കിട്ടില്ല. ഇങ്ങനെ പത്തും അമ്ബതും വര്‍ഷം ജോലിചെയ്തശേഷം ഒരു സുപ്രഭാതത്തില്‍ ഇനി നിങ്ങള്‍ പോയ്‌ക്കോളൂ എന്ന് പറഞ്ഞ് പുറത്താക്കിയാല്‍ ഞങ്ങള്‍ എങ്ങോട്ട്‌പോകും. ഇങ്ങനെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ കഴിയാത്ത നൂറുകണക്കിന് പേര്‍ സന്യാസിമഠങ്ങളിലെ ഇരുട്ടുമുറികളില്‍ ഉണ്ട്. അവര്‍ക്കുവേണ്ടിയാണ് എന്റെ പേരാട്ടം. “- സിസ്റ്റര്‍ ലൂസി പറഞ്ഞു. ഇത്രയൊക്കെ ദുരനുഭവം ഉണ്ടായിട്ടും സഭാവസ്ത്രം, അഴിച്ചുവെക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും ലൂസി മറുപടി പറഞ്ഞു. ‘കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടിയാണ് എന്റെ പോരാട്ടം. ഇതിനായുള്ള കോടതി നടപടികള്‍ തുടരുകയാണ്. ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം’- അവര്‍ വ്യക്തമാക്കി.

ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിനും 18 വയസ്സ് തികയണം എന്ന നിബന്ധയുണ്ടായിരിക്കണമെന്നും പ്രെഫ. ടി ജെ ജോസഫ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ഇസ്‌ലാമിക മതമൗലികവാദികള്‍ കൈ വെട്ടിയ ജോസഫ് മാസ്റ്റര്‍, 2010ല്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാള്‍ കാര്യങ്ങള്‍ മോശമായി വരികയാണെന്ന് ചൂണ്ടിക്കാട്ടി. ” അന്ന് കേരളത്തില്‍ ഒന്നോ രണ്ടോ സംഘടനകള്‍ മാത്രമാണ്, പ്രത്യക്ഷമായി വര്‍ഗീയതയും മത മൗലികാവാദവും പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് ദൗര്‍ഭാഗ്യവശാല്‍ ഒരു പാട് സംഘടനകള്‍ ആയി. ഏറ്റവും ഒടുവിലായി ഒരു റാലിയില്‍ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ചര്‍ച്ചചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊര്‍ജം എവിടെനിന്ന് കിട്ടി, എന്ന് ഓര്‍ക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാനും കഴിയും. പക്ഷേ ചെറുപ്പത്തിലേ മതം മസ്തിഷ്‌ക്കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് ഇവിടുത്തെ പ്രശ്‌നം. ഒരു പാരമ്ബര്യം എന്ന നിലയില്‍ മതം പഠിപ്പിച്ചോട്ടെ. പക്ഷേ വിശദമായ പഠനം കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ട് മതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണം. മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സര്‍ക്കാര്‍ ചെലവിടുന്നത് നിര്‍ത്തണം. നമ്മുടെ വിദ്യാഭ്യാസം പുര്‍ണ്ണമായും മതേതരം ആവണം”- പ്രൊഫ. ടി ജെ ജോസഫ് ചൂണ്ടിക്കാട്ടി.

തന്റെ ഭാര്യ സലോമിയുടെ മരണം ഒരു മത പ്രചോദിത കുറ്റകൃത്യമാണെന്ന് വേണമെങ്കില്‍ കണക്കാക്കാമെന്ന് ജോസഫ് മാസ്റ്റര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അറബ്യേയില്‍ ഉണ്ടായ മതത്തിന്റെ ശിക്ഷയും, ജനിച്ചുവളര്‍ന്ന മതത്തിന്റെ ശിക്ഷയും, സ്‌റ്റേറ്റിന്റെ ശിക്ഷയും ഒരുമിച്ച്‌ ഏറ്റവുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. മുഹമ്മദ് എന്ന പേര് ഒരു ചോദ്യത്തില്‍ ചേര്‍ക്കുമ്ബോള്‍ ഞാന്‍ സ്വപ്‌നത്തില്‍പോലും അത് പ്രവാചകന്റെ പേരായി ചിത്രീകരിക്കപ്പെടും എന്ന് ഓര്‍ത്തില്ല. പക്ഷേ അങ്ങനെ പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടര്‍ എന്റെ പേരില്‍ മത നിയമം നടപ്പാക്കിയത്. എന്നാല്‍ തുടര്‍ന്ന് ഞാന്‍ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിക്കയാണ് ഉണ്ടായത്. എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതോടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നു. അങ്ങനെ ഒക്കെയുണ്ടായ ഡിപ്രഷനെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയത്. അതുപോലെ എനിക്കെതിരെ മത നിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയാണ്, സ്‌റ്റേറ്റ് ചെയ്തത്. എന്നാല്‍ കോടതി അതെല്ലാം തള്ളിക്കളയുകമാണ് ഉണ്ടായത്.”- ജോസഫ് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ചെമ്മാട് ദാറുല്‍ ഹുദയിലെ പന്ത്രണ്ടുവര്‍ഷത്തെ ഹുദവി പഠനത്തിനുശേഷം ഇസ്‌ലാം ഉപേക്ഷിച്ച്‌ സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്‌ക്കര്‍ അലിയും മതപാഠശാലകളിലെ ലൈംഗിക- ശാരീരിക ചൂഷണങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ” മതപാഠശാലകളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കുനേരെ പലപ്പോഴും അധികൃതര്‍ കണ്ണടക്കുകയാണ്. ഞാന്‍ അവിടെ പഠിക്കുമ്ബോള്‍ ഒരു അധ്യാപകന്‍ 24 ആണ്‍കുട്ടികളെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. പക്ഷേ അത് ആരുമറിയാതെ ഒതുക്കിത്തീര്‍ക്കയും, അയാളെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയുമാണ് ഉണ്ടായത്. അതുപോലെ കുട്ടികള്‍ കാണിക്കുന്ന നിസ്സാരമായ കുറ്റങ്ങള്‍ പോലും പര്‍വതീകരിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്ത്, ലൈംഗികമായി ചൂഷണം ചെയ്യുകയവാണ് ചെയ്യുന്നത്. അതുപോലെ ഇവിടെ ക്രൂരമായ മര്‍ദവും നടക്കാറുണ്ട്. ആറാംക്ലാസില്‍ കിട്ടിയ അടിയുടെ പാട് ഇപ്പോഴും ശരീരത്തിലുണ്ട്.എസ്‌എസ്‌എല്‍സിയെും പ്ലസ്ടുവും ഒന്നും കൊടുക്കാതെ മതം മാത്രം തലയില്‍കുത്തി നിറക്കുന്ന ഈ വിദ്യാഭ്യാസത്തിനെതിരെ നടപടിയെടുക്കേണ്ടത് അധികൃതരാണ്. ഞാന്‍ ഒരു വിസില്‍ബ്ലോവര്‍ മാത്രമാണ്. വ്യക്തികളോടല്ല, ഇത്തരം സമ്ബ്രദായങ്ങളോടാണ് എതിര്‍പ്പ്’- അസ്‌ക്കര്‍ അലി ചൂണ്ടിക്കാട്ടി.

ആണ്‍-പെണ്‍, രോഗം-സൗഖ്യം, ശരി- തെറ്റ്, ഇടത്-വലത്, എല്‍.ഡി.എഫ്.-യു.ഡി.എഫ്. തുടങ്ങി ദ്വന്ദ്വങ്ങള്‍ സൃഷ്ടിച്ച്‌ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നവര്‍ ഇതിനപ്പുറമായി ഒന്നും ചിന്തിക്കുന്നില്ലെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.ഓഹരിച്ചൂതാട്ടം, കമ്ബോള താത്പര്യം, മൂലധനശക്തികളെ പ്രീതിപ്പെടുത്തല്‍, സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ തുടങ്ങിയ വാക്കുകള്‍ എപ്പോഴും മുഴങ്ങുന്ന കേരളം സാമ്ബത്തിക അന്ധവിശ്വാസികളുടെ തലസ്ഥാനമാണെന്ന് പി.ബി. ഹരിദാസന്‍ പറഞ്ഞു.’ഇന്ത്യന്‍ ഭരണഘടനയും ഗ്രെഗര്‍ സാംസയും’ എന്ന വിഷയത്തില്‍ സി.കെ. ഫൈസലും യൂണിഫോം സിവില്‍കോഡ് എന്ന വിഷയത്തില്‍ സി. രവിചന്ദ്രനും സംസാരിച്ചു.

prp

Leave a Reply

*