ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു;

കോഴിക്കോട്: കോഴിക്കോട്ടെ ധനകാര്യ സ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി സുമേഷ് കുമാറാണ് പ്രതി. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും പ്രതി സുമേഷ് കുമാര്‍ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചിരുന്നു.

മലബാര്‍ ഫിനാന്‍സ് ഉടമ സജി കുരുവിളയാണ് കൊല്ലപ്പെട്ടത്. കോടഞ്ചേരി കുപ്പായക്കോട് സ്വദേശിയായ സജി കുരുവിളയെ ഗുരുതര പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയാണ് കുരുവിള മരിച്ചത്. തീയിട്ടശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. സ്വര്‍ണം പണയം വയ്ക്കാനെന്ന വ്യാജേനയെത്തിയ സുമേഷ് കുരുവിളയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

മൂന്ന് ദിവസം മുന്‍പ് സ്വര്‍ണപ്പണയത്തിന്‍റെ സംശയങ്ങള്‍ ചോദിച്ച് ഇതേ യുവാവ് സ്ഥാപനത്തിലെത്തിയിരുന്നു. വീണ്ടുമെത്തി സജി കുരുവിളയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം.  മുളക്‌പൊടി മുഖത്തേക്ക് എറിഞ്ഞശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ യുവാവ് ഓടി രക്ഷപ്പെട്ടു. നിലവിളിച്ചോടിയ സജി കുരുവിള ഒന്നാംനിലയില്‍ നിന്ന് താഴേക്ക് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.

prp

Related posts

Leave a Reply

*