ജാതിമതില്‍ ഭേദിച്ച സഹപ്രവര്‍ത്തകയുടെ പ്രണയത്തിനു കൂട്ടായി പൊലീസുകാര്‍

കോഴിക്കോട്: ജാതി നോക്കാതെയുള്ള പ്രണയം കൊലപാതകം വരെയാവുന്ന നാട്ടില്‍ ജാതിമതിലുകള്‍ ഭേദിച്ച ഒരു പ്രണയത്തിന് കൂട്ടാവുകയാണ് ചേവായൂരിലെ പൊലീസ്. ജാതി നോക്കാതെ സ്‌നേഹിച്ച രണ്ടു പേരെ ഒന്നിപ്പിക്കാന്‍ ഇവിടെ മാലയും പൂച്ചെണ്ടും ഒരുക്കിയത് പൊലീസുകാര്‍, പിന്നെ പൊലീസ് സ്റ്റേഷനില്‍ സദ്യ.

ചേവായൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്‍റെയും പ്രണയസാക്ഷാത്കാരത്തിനൊപ്പം നിന്നാണ് പൊലീസ് മാതൃകയായത്. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയില്‍ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അതിനുശേഷം സ്‌റ്റേഷനില്‍ പായസമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയൊരുക്കി.

വധുവിനും വരനും വേണ്ട മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയത് പൊലീസുകാരാണ്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് ആശീര്‍വദിച്ചതു സിഐയും എസ്‌ഐയും. വനിതാ സുഹൃത്തുക്കളായിരുന്നു അനുഷ്യയെ ഒരുക്കിയതും മണ്ഡപത്തില്‍ എത്തിച്ചതും. വിവാഹശേഷം ഇരുവരും വലതുകാല്‍ വെച്ചു കയറിയത് ചേവായൂര്‍ സ്‌റ്റേഷനിലേക്കായിരുന്നു.

ബന്ധുവായ പൊലീസുകാരിയെ കാണാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അനുഷ്യയെ അനൂപ് ആദ്യമായി കാണുന്നത്. പരിചയവും സൗഹൃദവും പ്രണയമായി മാറി. ജാതി വ്യത്യസ്തമായതിനാല്‍ ഇരുവരുടെയും പ്രണയത്തെ അനുഷ്യയുടെ വീട്ടുകാര്‍ എതിര്‍ത്തു. അനൂപും ബന്ധുക്കളും പലതവണ സമീപിച്ചെങ്കിലും അനുഷ്യയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. അനുഷ്യയ്ക്ക് വേറെ കല്യാണാലോചനകളും തുടങ്ങി.

സഹപ്രവര്‍ത്തകനു വേണ്ടി പൊലീസുദ്യോഗസ്ഥര്‍ അനുഷ്യയുടെ ബന്ധുകളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് വിവാഹിതരാവാന്‍ ഇവര്‍ തീരുമാനമെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കൊണ്ട് നിശ്ചയിച്ച വിവാഹമായതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ല. അനൂപിന്‍റെ സഹോദരിയടക്കമുള്ളവര്‍ വിവാഹത്തിന് എത്തി.

prp

Related posts

Leave a Reply

*