‘കൊറോണ വൈറസ് കടന്നുവരാന്‍ സാധ്യതയുള്ള എല്ലാ മാര്‍ഗങ്ങളും അടക്കണം’; കിം ജോങ് ഉന്‍

സിയോള്‍: മാരകമായ കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ശക്തമായ മുന്‍കരുതലിന് നിര്‍ദേശിച്ച്‌ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. കൊറോണ വൈറസ് രാജ്യത്ത് കടക്കുന്ന സാഹചര്യമുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാര്‍ട്ടി നേതാക്കളുടെയും യോഗത്തില്‍ കിം ജോങ് ഉന്‍ പറഞ്ഞതായി ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ഉത്തര കൊറിയയില്‍ സൈനിക പ്രകടനം നടത്തിയിരുന്നു. കിം ജോങ് ഉന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഉത്തരകൊറിയയില്‍ ഒരു കൊറോണ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കൊറോണ ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യുറോ യോഗത്തിലാണ് കൊറോണ ബാധ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കിം ജോങ് ഉന്‍ നിര്‍ദേശിച്ചത്. വൈറസിനെ തടയാന്‍ സാധിക്കാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കി.

‘കര-വ്യോമമാര്‍ഗങ്ങള്‍ ഉള്‍പ്പടെ വൈറസ് കടന്നുവരാന്‍ സാധ്യതയുള്ള എല്ലാ മാര്‍ഗങ്ങളും അടക്കണം. പരിശോധന വ്യാപകമാക്കണം.’ – കിം ജോങ് ഉന്‍ നിര്‍ദേശിച്ചു.

പുറംലോകവുമായി ഏറെ ബന്ധമില്ലാത്ത നിഗൂഢ രാഷ്ട്രമായ ഉത്തരകൊറിയയുടെ ആരോഗ്യമേഖലക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോയെന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് വ്യക്തതയില്ല. ഉത്തര കൊറിയയുടെത് തീര്‍ത്തും ദുര്‍ബലമായ ആരോഗ്യമേഖലയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ഉത്തര കൊറിയയുടെ അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ 2300ലേറെ പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.

prp

Leave a Reply

*