ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷനേതാവ് എടുത്തോട്ടെ, വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ് ഞങ്ങള്‍ക്ക്-മുഖ്യമന്ത്രി

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച്‌ തെറ്റിധാരണ പരത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക് മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി വീട് നിര്‍മാണം ആരംഭിച്ച്‌ പൂര്‍ത്തിയാകാതെ കിടന്ന അന്‍പത്തിനാലായിരത്തോളം വീടുകളുണ്ട്. അതില്‍ അന്‍പത്തിരണ്ടായിരത്തോളം നിര്‍മിച്ച്‌ കഴിഞ്ഞു. ഒരുകാലവും ഈ വീട് നിര്‍മാണം പൂര്‍ത്തിയാകില്ല എന്ന് വിചാരിച്ച്‌ കിടക്കുകയായിരുന്നു അതിന്റെ ഗുണഭോക്താക്കള്‍. ഇത്തരത്തില്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വീടുകള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കില്‍ എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസമാണ് ഉള്ളത്. അല്ലാതെ ക്രെഡിറ്റൊന്നും ഞങ്ങള്‍ക്ക് വേണ്ട. ആ കുടുംബത്തിന് ആ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് ഞങ്ങള്‍ക്ക് സന്തോഷം പകരുന്ന കാര്യം. അക്കാര്യത്തില്‍ ഒരു മിഥ്യാഭിമാനവും ഞങ്ങള്‍ക്കില്ല. പക്ഷേ, ലൈഫ് മിഷന്റെ രണ്ടാംഘട്ടത്തില്‍ ഒരു ലക്ഷത്തിഅറുപതിനായിരത്തില്‍ പരം വീടുകള്‍ പൂര്‍ത്തീകരിച്ചു. ആ വീടുകള്‍ പൂര്‍ത്തിയായത് യുഡിഎഫ് കൊടുത്ത പദ്ധതിയല്ല. ഇത് നമ്മുടെ നാട്ടിലെ സഹോദരങ്ങള്‍ക്ക് താമസിക്കാനുള്ള വീടുകളല്ലേ. അതില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല.’ -മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതി മുഖേന 2,14,144 വീടാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്ബത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.

prp

Leave a Reply

*