വീടിന് ചുറ്റുമുള്ള കുട്ടികളെ ഖുറാന്‍ പാരായണം ചെയ്യാന്‍ പഠിപ്പിച്ചു; സ്ത്രീക്ക് 14 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു

സിന്‍ജിയാങ് : ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്ക് നേരെ ചൈനീസ് സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ കുറിച്ച്‌ ഏറെ നാളായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.

മതസ്വാതന്ത്ര്യം അനുവദിക്കാതെ ന്യൂനപക്ഷത്തെ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിക്കുന്ന ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ നിരന്തരം പ്രതിഷേധിക്കാറുണ്ട്. ഇപ്പോഴിതാ നാല് വര്‍ഷം മുന്‍പ് ചൈനീസ് സൈനികര്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ 57കാരിയെ 14 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.വീടിന് ചുറ്റുമുള്ള കുട്ടികളെ ഖുറാന്‍ പാരായണം ചെയ്യാന്‍ പഠിപ്പിച്ചതിനാണ് നാല് വര്‍ഷം മുമ്ബ് ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ അര്‍ദ്ധരാത്രിയില്‍ അറസ്റ്റിലായ ഉയ്ഗൂര്‍ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അയല്‍പക്കത്തെ ചെറുപ്പക്കാര്‍ക്ക് ഇസ്ലാമിക വിദ്യാഭ്യാസം നല്‍കി, ഖുറാന്‍ ഒളിപ്പിച്ചു സൂക്ഷിച്ചു എന്നുമാണ് ഇവര്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തിയിരിക്കുന്നത്. ഷിന്‍ജിയാങ്ങിലെ ചാങ്ജി ഹുയിയെന്ന ഇടത്തുനിന്നാണ് 2017 മെയ് മാസത്തില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ 57 കാരിയെ കൊണ്ടു പോയത്. പ്രദേശത്തെ കുട്ടികള്‍ക്ക് മതപഠനം നടത്തിയതിന് എഴും, ഖുറാന്‍ ഒളിപ്പിച്ച്‌ സൂക്ഷിച്ചതിന് ഏഴും ചേര്‍ത്ത് പതിനാല് വര്‍ഷത്തെ ശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചത്.

വര്‍ഷങ്ങളായി സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയിലെ ചൈനീസ് അധികാരികള്‍ ന്യൂനപക്ഷത്തില്‍ പെട്ടവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനായി ഉയ്ഗൂര്‍ ബിസിനസുകാരെയും ബുദ്ധിജീവികളെയും സാംസ്‌കാരികവും മതപരവുമായ വ്യക്തികളെ ലക്ഷ്യമിട്ട് അറസ്റ്റുകള്‍ നടക്കുന്നുണ്ട്. ചൈനയുടെ തടങ്കല്‍ കേന്ദ്രങ്ങളില്‍ ഉദ്ദേശം 1.8 ദശലക്ഷം ഉയ്ഗൂറുകളുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

prp

Leave a Reply

*