കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ തീരുമാനം.
സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളുടെ യോഗമാണ് നിലപാടെടുത്തത്. ഇക്കാര്യം അറിയിക്കാനായി മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കാണാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യോഗം സംഘടിപ്പിത്.
ലോക്സഭാ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായ സംരംഭകര്‍ ഇത്തരത്തിലൊരു യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കടക്കം രാഷട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തുക സംഭവന നല്‍കുന്നത് വ്യവസായികളാണ്.
എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ഹര്‍ത്താലിനിടെ നടക്കുന്ന അക്രമങ്ങളില്‍ വാണിജ്യ വ്യവസായ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ഹര്‍ത്താലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താനും ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങാനും യോഗത്തില്‍ ധാരണയായി.
ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം തടയാന്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കും. വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ഒന്‍പതംഗ സബ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
