കേന്ദ്രംതള്ളിയ സംസ്ഥാന പദ്മപുരസ്‌കാരപട്ടികയില്‍ ഉണ്ടായിരുന്നത് എം.ടിയും മമ്മൂട്ടിയും അടക്കം 56 പേര്‍

തിരുവനന്തപുരം: പദ്മാപുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക ഇത്തവണ കേന്ദ്രം അപ്പാടെ തള്ളി. എം.ടി. വാസുദേവന്‍നായര്‍ക്ക് പദ്മവിഭൂഷണ്‍ അടക്കം 56 പേരുടെ പട്ടികയാണ് നല്‍കിയത്. സംസ്ഥാനത്തിന്റെ പട്ടികയില്‍നിന്ന് ഒരാളെപ്പോലും പരിഗണിക്കാതിരിക്കുന്നത് ഇതാദ്യമായാണ്.

പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി കലാമണ്ഡലം ഗോപി, സുഗതകുമാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, മമ്മൂട്ടി, റസൂല്‍ പൂക്കുട്ടി, മധു, ശോഭന എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്.

പദ്മശ്രീക്കായി സൂര്യ കൃഷ്ണമൂര്‍ത്തി, കെ. ഓമനക്കുട്ടി, രമേശ് നാരായണ്‍, സദനം കൃഷ്ണന്‍കുട്ടി നായര്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്ബൂതിരി, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജി.കെ. പിള്ള, എം.എന്‍. കാരശേരി, ആര്‍ച്ച്‌ ബിഷപ് സൂസെപാക്യം, കെ. മോഹനന്‍, എം.എസ്. മണി, എം.കെ. സാനു, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. ഖദീജാ മുംതാസ്, ഡോ. വി.പി. ഗംഗാധരന്‍, പി. ജയചന്ദ്രന്‍, ഐ.എം. വിജയന്‍ എന്നിവരടക്കം 47 പേരെയാണ് ശുപാര്‍ശചെയ്തത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലില്ലാത്ത, ആത്മീയാചാര്യന്‍ ശ്രീ എം., നിയമപണ്ഡിതന്‍ എന്‍.ആര്‍. മാധവമേനോന്‍ എന്നിവര്‍ക്ക് പദ്മഭൂഷണും സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ. കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യാ പാവകളി കലാകാരി എം.എസ്. പങ്കജാക്ഷി എന്നിവര്‍ക്ക് പദ്മശ്രീയും നല്‍കി. പ്രധാനമന്ത്രി രൂപവത്കരിക്കുന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് സംസ്ഥാനങ്ങള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുന്നത്.

prp

Leave a Reply

*