അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാം, സ്‌മൃതിയില്‍ നിന്ന് പറ്റില്ല – ജോയ് മാത്യൂ

കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാളത്തിലെ ജേതാക്കള്‍ക്കു നേരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അവാര്‍ഡിന് വേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കൈയില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങനെ വരുന്പോള്‍ ആത്യന്തികമായ തീരുമാനവും സര്‍ക്കാരിന്റേതായിരിക്കും. നയങ്ങള്‍ മാറ്റുന്നത് സര്‍ക്കാരിന്റെ ഇഷ്ടമാണ്. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കയാണ് ചെയ്യേണ്ടതെന്നും ജോയ് മാത്യൂ പറഞ്ഞു.

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ഇനി സ‌്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോയെന്നും അദ്ദേഹം ചോദിച്ചു.

മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണോ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്നങ്ങളോ ഉണ്ടായി എന്ന് കരുതുക. എന്ത് ചെയ്യും? ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിനയയ്ക്കുന്നവര്‍ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

അവാര്‍ഡ് രാഷ്ട്രപതി തന്നെ തരണം എന്ന് വാശിപിടിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍  അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക രൊക്കമായി വാങ്ങാന്‍ പോകില്ലായിരിക്കുമെന്നും ജോയ് മാത്യു പരിഹസിച്ചു.

prp

Related posts

Leave a Reply

*