ഭാര്യവീട്ടുകാരുടെ കൊടുംപീഡനം, യുവാവിനെ രക്ഷിക്കാന്‍ പൊലീസിന്‍റെ സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍

ശ്രീനഗര്‍: ഭാര്യവീട്ടുകാര്‍ തടവില്‍ വച്ച്‌ പീഡിപ്പിച്ചുകൊണ്ടിരുന്ന ആദിവാസി യുവാവിനെ ജമ്മു കാശ്‌മീര്‍ പൊലീസ് അതിസാഹസികമായി രക്ഷിച്ചു. ഇയാളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാശ്‌മീരിലെ കത്വ ജില്ലയിലെ കോട്ട് പൊന്നു ഗ്രാമത്തില്‍ നിന്നും പുറത്തെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഷൗക്കത്ത് അലിയെന്ന യുവാവിനെ ആദിവാസി യുവതിക്കൊപ്പം ഇക്കഴിഞ്ഞ 16നാണ് കാണാതാകുന്നത്. ഇതിന് മൂന്ന് ദിവസം മുമ്പ് ഇവര്‍ ജമ്മു കാശ്‌മീര്‍ ഹൈക്കോടതിയില്‍ ഹാജരാവുകയും തങ്ങള്‍ വിവാഹിതരായെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ഇവരെ കാണാതാകുന്നത്. ഇതിന് പിന്നാലെ ഷൗക്കത്ത് അലിയെ യുവതിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങി. മരത്തില്‍ ബന്ധിച്ചും, തലകീഴായി കെട്ടിത്തൂക്കിയും യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോകളാണ് പ്രചരിച്ചത്.

തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്നവരെയും ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലവും കണ്ടെത്തിയ പൊലീസ് സംഘം അതിസാഹസികമായി ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന് കത്വ പൊലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ പറഞ്ഞു. എന്നാല്‍ യുവാവിനെ ബന്ധിയാക്കി വച്ചവരെയും ഇയാളുടെ ഭാര്യയെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് വേണ്ടി സംസ്ഥാനത്തിന് പുറത്തേക്ക് തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

prp

Related posts

Leave a Reply

*