നൃത്തം ചെയ്‌തതിന്‌ അറസ്റ്റിലായ പെണ്‍കുട്ടിക്ക്‌ ഐക്യദാര്‍ഢ്യ നൃത്തവുമായി സ്‌ത്രീകള്‍ തെരുവില്‍

ടെഹ്‌റാന്‍: നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്‌തതിന്‌ പത്തൊന്‍പതുകാരിയെ അറസ്റ്റു ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഇറാനില്‍ സ്‌ത്രീകള്‍ തെരുവില്‍ നൃത്തം ചെയ്‌തു. മെയ്‌ദേ ഹൊജാബ്രി എന്ന നര്‍ത്തകിയെയാണ്‌ തന്‍റെ മുറിക്കുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ്‌ ചെയ്‌തതിന്‌ ഇറാനിയന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌.

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ സ്‌ത്രീകള്‍ പൊതുവിടങ്ങളില്‍ നൃത്തം ചെയ്യുന്നത്‌ നിയമവിരുദ്ധമാണ്‌. പൊതുസ്ഥലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ശിരോവസ്ത്രം ധരിച്ചിരിക്കണമെന്നും നിയമമുണ്ട്‌. ഈ നിയമങ്ങള്‍ ഉപയോഗിച്ചാണ്‌ സാമൂഹ്യമാധ്യമങ്ങളില്‍ നൃത്ത വീഡിയോ പോസ്റ്റ്‌ ചെയ്‌തതിന്‌ കൗമാരക്കാരിയെ അറസ്റ്റ്‌ ചെയ്യാന്‍ ജുഡീഷ്യല്‍ അധികൃതര്‍ ഉത്തരവിട്ടത്‌. അറസ്റ്റിനെ തുടര്‍ന്ന്‌ സാമൂഹ്യമാധ്യമങ്ങളില്‍ #DanceNotACrime എന്ന ഹാഷ്‌ടാഗ്‌ ഉപയോഗിച്ച്‌ പ്രതിഷേധ സ്വരങ്ങളുയര്‍ന്നു.

 പ്രതിഷേധത്തിന്‍റെ ഭാഗമായി നിരവധി സ്ത്രീകളാണ്‌ പൊതുസ്ഥലത്ത്‌ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്‌തത്‌. ‘നൃത്തം കുറ്റകൃത്യമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി നിരവധിപേര്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.

”നൃത്തത്തിന്റെയും സന്തോഷത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പേരില്‍ പതിനേഴും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ മാന്യതയില്ലായ്‌മയെന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യപ്പെടുന്നു.  അതേസമയം ബാലലൈംഗിക പീഡകര്‍ പോലും സ്വതന്ത്രരാണ്‌. ഇത്‌ ലോകത്തിന്‌ മുന്നില്‍ നമ്മെ പരിഹാസ്യരാക്കും.” – ഇറാനിയന്‍ ബ്ലോഗറും രാഷ്‌ട്രീയ നിരീക്ഷകനുമായ ഹൊസൈന്‍ റൊനാഗി മാലേകി തന്റെ ബ്ലോഗില്‍ കുറിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന്‌ ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ടിവി ചാനല്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ഹൊജാബ്രി ‘കുറ്റ സമ്മതം’ നടത്തുന്ന വീഡിയോ പുറത്തുവിട്ടു. ‘സദാചാര ചട്ടങ്ങള്‍’ ലംഘിച്ചതിന്‌ ഹൊജാബ്രി കരഞ്ഞുകൊണ്ട്‌ മാപ്പുപറയുന്നതാണ്‌ വീഡിയോ. ”എനിക്ക്‌ ദുരുദ്ദേശങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവരെ ഇതുപോലെ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന്‌ കരുതിയിരുന്നില്ല.”- കരഞ്ഞുകൊണ്ട്‌ പത്തൊന്‍പതുകാരിയായ ഹൊജാബ്രി പറഞ്ഞു.

ശിരോവസ്‌ത്രം ധരിക്കാത്തതും നൃത്തം ചെയ്യുന്നതുമെല്ലാം ഉള്‍പ്പെടെ മുന്നൂറോളം ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ഹൊജാബ്രി തന്‍റെ അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നു. ഇപ്പോള്‍ ഈ അക്കൗണ്ട്‌ അധികൃതര്‍ ബ്ലോക്ക്‌ ചെയ്‌തിരിക്കുകയാണ്‌. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, യൂട്യൂബ്‌, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളെല്ലാം ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്‌. വിപിഎന്‍ സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള കുറുക്കുവഴിയിലൂടെയാണ്‌ ഇറാനില്‍ സാമൂഹ്യമാധ്യമ ഉപയോക്താക്കള്‍ ഇവ ലഭ്യമാക്കുന്നത്‌. ഇന്‍സ്റ്റഗ്രാമും ഇറാനില്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നതായാണ്‌ വിവരം.

മുന്‍പും സമാനമായ കുറ്റമാരോപിച്ച്‌ ഇറാനില്‍ അറസ്റ്റ്‌ ഉണ്ടായിട്ടുണ്ട്‌. അടുത്തകാലത്തു തന്നെ മൂന്നുപേരെ ഇത്തരത്തില്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടയച്ചതായി ഇറാനിയന്‍ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മുന്‍പ്‌ അമേരിക്കന്‍ ഗായകനായ ഫാരല്‍ വില്ല്യംസിന്റെ വൈറലായ ‘ഹാപ്പി’ എന്ന പാട്ടിന്‌ ചുവടുവച്ച ഒരു സംഘം യുവാക്കളെയും സമാനമായ രീതിയില്‍ അറസ്റ്റ്‌ചെയ്‌തിരുന്നു. ഈ സംഭവത്തിലും ഇവര്‍ ‘കുറ്റം സമ്മതിക്കുന്ന’ വീഡിയോ ഔദ്യോഗിക ചാനല്‍ വഴി പുറത്തുവിട്ടിരുന്നു. കുറ്റസമ്മതം നടത്തുന്നതായി പുറത്തുവിടുന്ന ഇത്തരം വീഡിയോകള്‍ നിര്‍ബന്ധപൂര്‍വം ചിത്രീകരിക്കുന്നതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്‌.

prp

Related posts

Leave a Reply

*