കനത്തമഴ: വയനാട്ടില്‍ 3 മരണം

വയനാട് : ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വയനാട്ടില്‍ മൂന്നുപേര്‍ മരിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ വയനാട്ടില്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് വൈത്തിരി ലക്ഷംവീട് കോളനിയിലെ ജോര്‍ജിന്‍റെ ഭാര്യ ലില്ലി (62), തലപ്പുഴ പുതിയിടത്ത് മംഗലശേരി റസാഖ് (40) ഭാര്യ സീനത്ത് (35) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ മണ്ണിനടിയില്‍പെട്ട ഇരുവരെയും ഫയര്‍ഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

വെള്ളത്താല്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ട് നാവികസേനയും സൈന്യത്തെയും ഇന്ന് വയനാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അതിനിടെ പൊഴുതന കുറിച്യാര്‍മലയില്‍ ഉരുള്‍പ്പൊട്ടി. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.

വ്യാഴാഴ്ച പുലര്‍ച്ചെ വൈത്തിരി പൊലീസ് സ്റ്റേഷന് സമീപത്ത് ഉരുള്‍പ്പൊട്ടി വൈത്തിരി പൊലീസ് സ്റ്റേഷനിലെ മെസ് ഹൗസ് ഭാഗീകമായി തകര്‍ന്നു. സമീപത്തെ ഏഴ് വീടുകള്‍ ഭാഗീകമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കയാണ്.

താമരശേരി ചുരത്തില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. വയനാട്ടിലേക്കുള്ള ചുരം പാതകളായ താമരശേരി, കുറ്റ്യാടി, കൊട്ടിയൂര്‍ ചുരങ്ങളില്‍ മണ്ണിടിഞ്ഞും ഉരുള്‍പ്പൊട്ടിയും ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടിരിക്കയാണ്. വ്യാഴാഴ്ച തുടങ്ങിയ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ബാണാസുര ഡാമിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*