ബുള്ളറ്റ് ഓടിക്കാന്‍ മോഹം, തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി; പരിമിതികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ അജികുമാര്‍

കൊല്ലം: വിധി കാട്ടിയ ക്രൂരതയ്ക്കു വഴങ്ങിയാണ് ജീവിതമെങ്കിലും മോഹങ്ങള്‍ക്ക് അതിരിടാന്‍ അജികുമാര്‍ ഒരുക്കമല്ല. സ്വന്തം ബുള്ളറ്റില്‍ സ്വന്തം നാട്ടിലൂടെ സവാരി. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്.

ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നു, വളര്‍ച്ച മുരടിച്ചു. നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്ന് അജികുമാര്‍ കുതിക്കുകയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. ബികോം പരീക്ഷയില്‍ മികച്ച വിജയം നേടിയപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടതുമാണ്.

എന്നാല്‍, ഭാഗ്യം തുണച്ചില്ല. നിരാശനാവാതെ ഭാഗ്യക്കുറി വില്‍ക്കുന്ന ജോലി സ്വയം ഏറ്റെടുത്തു. ആക്ടീവ സ്‌കൂട്ടറിലായിരുന്നു ടിക്കറ്റ് വില്പന. അപ്പോഴൊക്കെ ചീറിപ്പായുന്ന ബുള്ളറ്റുകളെ നോക്കി നിന്നിട്ടുണ്ട്. അതൊന്ന് ഓടിക്കാന്‍ വല്ലാത്ത മോഹം. അടുത്തിടെ സുഹൃത്തും അദ്ധ്യാപകനുമായ വിജേഷ് ബുള്ളറ്റുമായി വന്നപ്പോള്‍ മോഹം തുറന്നു പറഞ്ഞു. ഇതിന് രണ്ടു ചക്രം കൂടി ഘടിപ്പിച്ചാല്‍ തനിക്ക് ഓടിക്കാന്‍ കഴിയുമോ?

അതിനെന്താ ഇത്ര സംശയം എന്നായി സുഹൃത്ത്. അജികുമാറിന്‍റെ മനസ്സില്‍ ലഡു പൊട്ടി. ബുള്ളറ്റില്‍ രൂപമാറ്റം വരുത്താന്‍ ആരുണ്ടെന്നായി അന്വേഷണം. കായംകുളത്ത് ഒരു വര്‍ക്ക് ഷോപ്പ് ഉണ്ടെന്നറിഞ്ഞതോടെ കൊല്ലത്തെ എന്‍ഫീല്‍ഡ് ഷോറൂമിലെത്തി 1,80,000 രൂപ നല്‍കി എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുക്ക് ചെയ്തു.

ബുള്ളറ്റ് കായംകുളത്തെ വര്‍ക്ക്‌ഷോപ്പിലെത്തിച്ച് ഭിന്നശേഷിക്കാരന് ഉപയോഗിക്കാവുന്ന വിധത്തിലേക്ക് മാറ്റിയെടുത്തു. 30,000 രൂപ അതിന് ചെലവായി. രജിസ്‌ട്രേഷന്‍ കഴിഞ്ഞില്ലെങ്കിലും നാല് ചക്ര ബുള്ളറ്റുമായി അജികുമാര്‍ നാട്ടില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ബുള്ളറ്റിന്‍റെ ഇരുവശത്തും ഓരോ ചെറിയ ടയറുകള്‍ ഫിറ്റ് ചെയ്തു. കൈകൊണ്ട് സ്റ്റാര്‍ട്ട് ചെയ്യാം. ഗിയര്‍ മാറ്റാനും ബ്രേക്ക് പിടിക്കാനും ക്ലച്ചിനും കൈവിരലുകള്‍ മതി. പരസഹായം കൂടാതെ ബുള്ളറ്റില്‍ കയറാനും ഇറങ്ങാനും സംവിധാനമുണ്ട്. സാധാരണ ഒരു ലിറ്റര്‍ പെട്രോളിന് 40 കിലോമീറ്റര്‍ മൈലേജ് കിട്ടുമെങ്കില്‍ ഇത്തരം സംവിധാനങ്ങളുള്ള ബുള്ളറ്റിന് 8 കിലോമീറ്റര്‍ മൈലേജ് വരെ കുറയും. ടയറിന്‍റെ പ്രത്യേകതയാണ് കാരണം.

prp

Related posts

Leave a Reply

*