ഏതൊക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര തവണ? സ്പീക്കറെ പൂട്ടാനൊരുങ്ങി ഇഡി‍

കൊച്ചി: തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ പിണറായി സര്‍ക്കാരിന് തിരിച്ചടിയായി ഇഡി‍യുടെ അന്വേഷണം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഏതൊക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര തവണ, തീയതികള്‍, ഇതിനായി എത്ര രൂപ ടിഎ, ഡിഎ ഇനത്തില്‍ കൈപ്പറ്റി തുടങ്ങിയ വിശദാംശങ്ങള്‍ ആരാഞ്ഞാണ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയത്. സ്വകാര്യ യാത്രകള്‍ നടത്തിയിട്ടുണ്ടോയെന്ന് ടിഎയുടെയും ഡിഎയുടെയും വിശദാംശങ്ങളിലൂടെ അറിയാനാകും. മറുപടി ലഭിച്ചശേഷം പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി കടക്കുമെന്ന് അറിയുന്നു.

ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഇഡി കൂടുതല്‍ വിവരശേഖരണം നടത്തുന്നത്. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരണ്‍, ലിഫാര്‍ മുഹമ്മദ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന നാസ് അബ്ദുള്ളയുടെ പേരിലുള്ള സിം നമ്ബറിലേക്കും തിരിച്ചും സംശയാസ്പദമായ ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

prp

Leave a Reply

*