പാറശാല ഷാരോണ്‍ വധക്കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കിനല്‍കിയെന്ന് പൊലീസ്

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.

കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തുനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഷാരോണ്‍ കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബ‌ര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍വച്ച്‌ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ഗ്രീഷ്മയുടെ നിര്‍ദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോണ്‍ റെക്കാഡ് ബുക്കുകള്‍ തിരികെ വാങ്ങുന്നതിനായി വീട്ടില്‍ പോയതായിരുന്നു. റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോണ്‍ അല്പസമയം കഴിഞ്ഞ് ഛര്‍ദ്ദിച്ച്‌ അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലര്‍ത്തിയ കഷായം കഴിച്ചപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവ‌ര്‍പ്പ് മാറാനെന്ന പേരില്‍ ജ്യൂസും ഗ്രീഷ്മ നല്‍കിയിരുന്നു. പുറത്തുവന്ന ശേഷവും ഛ‌ര്‍ദ്ദിച്ച ഷാരോണ്‍ റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് പറഞ്ഞത്.

തുടര്‍ന്ന് പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം അടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം കുടിക്കാന്‍പോലും കഴിയാതെ വന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൃക്കയും കരളുമുള്‍പ്പെടെ ആന്തരികാവയവങ്ങള്‍ തകരാറിലായി. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് ഷാരോണിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തി. മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ നവംബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്.

തുടക്കത്തില്‍ പാറശാല പൊലീസ് ഷാരോണിന്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണെത്തിയത്. പിന്നീട് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. അടുത്ത ഫെബ്രുവരിയില്‍ തന്റെ വിവാഹത്തിന് മുമ്ബ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഒഴിവാക്കാന്‍ വേണ്ടി ആദ്യവിവാഹത്തിലെ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോണ്‍ പിന്‍മാറിയില്ല. തുടര്‍ന്നാണ് വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയത്. കൃഷി ആവശ്യത്തിന് വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തില്‍ കല‌ര്‍ത്തി നല്‍കിയാണ് ഷാരോണിനെ വകവരുത്തിയത്.

മകള്‍ കൊലനടത്തിയെന്ന് മനസിലാക്കിയ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷാരോണിന്റെ മരണമറിഞ്ഞ ഇരുവര്‍ക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. വിഷം നല്‍കിയ കുപ്പി വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ഗ്രീഷ്മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള എല്ലാകാര്യങ്ങളും നടപ്പാക്കിയതിനാല്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല.

prp

Leave a Reply

*