ബുംറ എന്നു തിരിച്ചെത്തും?- ഓസീസ് പരമ്ബരക്ക് മുമ്ബ് ചിലത് തുറന്നുപറഞ്ഞ് ക്യാപ്റ്റന്‍ രോഹിത്

ടെസ്റ്റിലെയും ഏകദിനത്തിലെയും ലോക ഒന്നാം നമ്ബറുകാര്‍ തമ്മിലെ ആവേശപ്പോരിന് നാളുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യയുടെ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ എന്നു തിരിച്ചെത്തുമെന്ന ആധിക്ക് കനം വെക്കുന്നു.

പരിക്കിനെ തുടര്‍ന്ന് ഏറെയായി പുറത്തിരിക്കുന്ന ബുംറക്ക് പകരമാകാന്‍ മുഹമ്മദ് സിറാജും ഉംറാന്‍ മാലികുമുള്‍പ്പെടെ ഉണ്ടെങ്കിലും ഏതു പിച്ചിലും പ്രഹരശേഷി നിലനിര്‍ത്താന്‍ ഇവര്‍ക്കാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുറംവേദനയെ തുടര്‍ന്ന് താരം പുറത്തായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വീണ്ടും നെറ്റ്സില്‍ പന്തെറിഞ്ഞുതുടങ്ങിയ 29കാരന്‍ വൈകാതെ തിരിച്ചെത്തുമെന്ന് തന്നെയാണ് സൂചന. ഇതേ കുറിച്ച്‌ രോഹിതിന് പങ്കുവെക്കാനുള്ളതും അതേ പ്രതീക്ഷ.

”ബുംറയുടെ കാര്യത്തില്‍, നിലവില്‍ എനിക്കൊട്ടും ഉറപ്പില്ല. (ആസ്ട്രേലിയക്കെതിരായ) ആദ്യ രണ്ടു ടെസ്റ്റില്‍ താരം ഉണ്ടാകില്ല. ഞാന്‍ പ്രതീക്ഷിക്കുകയാണ്, അവസാന രണ്ടു ടെസ്റ്റുകളില്‍ ഉണ്ടാകുമെന്ന്. പുറംവേദന ഗുരുതര പരിക്കായതിനാല്‍ സാഹസത്തിന് മുതിരുകയില്ല. ഇനിയുമേറെ പ്രധാന മത്സരങ്ങള്‍ തുടര്‍ന്നും വരാനുണ്ട്”- രോഹിത് പറയുന്നു. അക്കാദമിയിലെ ഡോക്ടര്‍മാരും ഫിസിയോമാരുമായി നിരന്തരം ബന്ധപ്പെട്ട് തത്സ്ഥിതി അറിയുന്നുണ്ടെന്നും ആവശ്യമായ സമയം താരത്തിന് അനുവദിക്കുമെന്നും ക്യാപ്റ്റന്‍ തുടര്‍ന്നു.

ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് പുറംഭാഗത്ത് പരിക്കുമായി താരം മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏഷ്യകപ്പുള്‍പ്പെടെ കളിച്ചിരുന്നില്ല. ന്യൂസിലന്‍ഡ്, ശ്രീലങ്ക പര്യടനങ്ങളില്‍ ഇന്ത്യന്‍ ബൗളിങ് മികവു കാട്ടിയെങ്കിലും അതിനു മുമ്ബ് ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുംറയുടെ അസാന്നിധ്യം എന്നു പരിഹരിക്കാനാകുമെന്ന ചോദ്യങ്ങളും ഉയര്‍ന്നു. എന്നാല്‍, ബുംറയില്ലാത്ത ഇന്ത്യന്‍ പേസ് നിരയെ കുറിച്ച്‌ ചിന്തിച്ചുതുടങ്ങാനായെന്നുവരെ ചില മുന്‍താരങ്ങള്‍ പറഞ്ഞു.

ആസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റുകളടങ്ങിയ പരമ്ബര ഫെബ്രുവരി ഒമ്ബതിന് നാഗ്പൂരില്‍ തുടക്കമാകും. മാര്‍ച്ച്‌ ആദ്യ വാരത്തിലാകും അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. ഇവയില്‍ ബുംറയെ കളിപ്പിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ താരത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആസ്ട്രേലിയക്കെതിരായ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി വീണ്ടും പരിക്കേറ്റിരുന്നു. ഇതോടെയാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ടെന്ന തീരുമാനം.

prp

Leave a Reply

*