ഗൗരി ലങ്കേഷിന്‍റെ കൊലയാളിയെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച്‌ കൊന്ന കേസില്‍ പ്രധാനിയെ കര്‍ണാടക പോലീസ് പിടികൂടി. ഗൗരി ലങ്കേഷിനെ വെടിവച്ചുവെന്ന് കരുതുന്ന വ്യക്തിയാണ് അറസ്റ്റിലായത്. മറാത്തി സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പോലീസ് പ്രതികരിച്ചത്. സംശയത്തിലുള്ള വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനോട് സാമ്യമുള്ള വ്യക്തി തന്നെയാണ് അറസ്റ്റിലായതെന്നാണ് വിവരം.

ബെംഗളൂരുവിലെ വീടിന് പുറത്തുവച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇവിടെ ദുരഹമായ സാഹചര്യത്തില്‍ ചിലരെ സിസിടിവി പരിശോധനയില്‍ പോലീസ് കണ്ടിരുന്നു. തുടര്‍ന്നാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ടു ബൈക്കുകളിലെത്തിയ നാലംഗം സംഘമാണ് കൊലപാതകം നടത്തിയത്. നാലു പേരുടെയും രേഖാചിത്രം പോലീസ് പരസ്യപ്പെടുത്തിയിരുന്നു.

കൊലപാതകത്തിന് വേണ്ട സഹായം ചെയ്തുവെന്ന് പോലീസ് പറയുന്ന നവീന്‍ കുമാറിന്‍റെ സുഹൃത്ത് അനില്‍ കുമാറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘം യുക്തി വാദി കെഎസ് ഭഗവാനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവത്രെ. അറസ്റ്റിലായ വ്യക്തിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

prp

Related posts

Leave a Reply

*