അരിക്ക് പിന്നാലെ സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ അവഗണന. അരിക്ക് പിന്നാലെ മണ്ണെണ്ണയും സൗജന്യമായി നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. സബ്‌സിഡി ഇല്ലാതെയാണ് 12,000 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചത്.

മണ്ണെണ്ണ ലിറ്ററിന് 70 രൂപ നല്‍കണം.  കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  സബ്‌സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മണ്ണെണ്ണ ലഭിക്കുമായിരുന്നു.

അതേസമയം, കേരളത്തിന് അനുവദിച്ച അധികം അരി സൗജന്യമാക്കിയ ഉത്തരവ് ഇറങ്ങിയില്ല. അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. 60,244 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. നേരത്തെ അനുവദിച്ചത് 89540 ടണ്‍ അരിയാണ്.

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് അനുവദിച്ച 89,540 ടൺ അരിക്കു പണം വേണ്ടെന്നു കേന്ദ്ര  സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി.തിലോത്തമന്റെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തിന് അരി അനുവദിച്ച കേന്ദ്ര ഭക്ഷ്യവകുപ്പ് കിലോഗ്രാമിന് 25 രൂപ നിരക്കിൽ ഈടാക്കുമെന്ന് അറിയിച്ചിരുന്നു. വിവാദമായതോടെ പണം ആവശ്യപ്പെടില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി റാംവിലാസ് പസ്വാൻ മാധ്യമങ്ങളോടു പറഞ്ഞു. പസ്വാന്റെ പ്രഖ്യാപനം മാധ്യമങ്ങളിലൂടെ അറിഞ്ഞുവെങ്കിലും തിരുത്തൽ ഉത്തരവു ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചത്.

സംസ്ഥാനത്തു റേഷൻകടകൾ വഴി ഒരുമാസം വിതണം ചെയ്യുന്ന 1.14 ലക്ഷം ടൺ അരിയാണു കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ആവശ്യപ്പെട്ടത്. 89,540 ടൺ അരി അനുവദിച്ചെന്നു കാണിച്ച് സംസ്ഥാന സർക്കാരിനു കേന്ദ്ര ഭക്ഷ്യമന്ത്രാലയം അയച്ച കത്തിൽ അടിസ്ഥാന താങ്ങുവിലയായി കിലോഗ്രാമിന് 25 രൂപ നൽകണമെന്നു വ്യക്തമാക്കി. എഫ്സിഐ സംഭരണശാലകളിൽനിന്ന് ഒരു മാസത്തിനകം അരി എടുക്കണം. അരിവില നേരിട്ടു നൽകേണ്ടതില്ല. ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നോ, കേന്ദ്രത്തിന്‍റെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽനിന്നോ ഭക്ഷ്യമന്ത്രാലയം പണം എടുക്കും.

കേന്ദ്രസർക്കാർ ഇതിനകം 600 കോടി രൂപയാണു കേരളത്തിനു വാഗ്ദാനം ചെയ്തിരിക്കുന്നത്. അരിയുടെ വിഹിതം പോയാൽ 368 കോടി രൂപ മാത്രമേ മറ്റു പ്രവർത്തനങ്ങൾക്കു ലഭിക്കുകയുള്ളൂ. കേന്ദ്രത്തിന്‍റെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ അതിനെക്കാൾ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനു ടെൻഡറിലൂടെ അരി വാങ്ങാനാകുമെന്നു ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

prp

Related posts

Leave a Reply

*