മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. മറവി രോഗത്തിന് ചികിത്സയിലായിരുന്നു. മംഗലാപുരം സ്വദേശിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് സമതപാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. വാര്‍ത്താവിനിമയം, വ്യവസായം, റയില്‍വേ, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഒന്‍പതു തവണ ലോക്‌സഭാംഗമായിട്ടുണ്ട്‌.

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൗര ബോധത്തിന്‍റെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ശബ്ദത്തിന്‍റെയും രൂപത്തില്‍ ഉയര്‍ന്നു വന്ന തീപ്പൊരി നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം. തെക്കേ ഇന്ത്യയില്‍ ജനിച്ച്, മുംബൈയില്‍ രാഷ്ട്രീയം പഠിച്ച്, ഗംഗാതടത്തില്‍ പയറ്റിത്തെളിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.

ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോളയുള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റെത്.

ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ശില്‍പിയും കണ്‍വീനറുമായി മാറി. വിവിധ മന്ത്രിസഭകളില്‍ റെയില്‍വെ, വ്യവസായം, പ്രതിരോധം തുടങ്ങി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കോര്‍പറേറ്റു കമ്പനികളോട് ഇന്ത്യവിടാന്‍ നിര്‍ദേശിച്ച അദേഹം പിന്നീട് റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യവെ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു. പിന്നീട് വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാര്‍ഗില്‍ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവില്‍ പാകിസ്താനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.

അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു. ഭാര്യയും സുഹൃത്തുക്കളും തമ്മിലുള്ള അവകാശിത്തര്‍ക്കത്തിന്റെ പേരിലാണ് ഫെര്‍ണാണ്ടസ് പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

prp

Related posts

Leave a Reply

*