ഫോട്ടോഗ്രാഫറുടെ പ്രണയവും പ്രതികാരവും

ദിലീഷ് പോത്തന്‍ സ്വതന്ത്ര സംവിധായകനാകുന്ന ‘മഹേഷിന്റെ പ്രതികാരം’ റിലീസിംഗിനൊരുങ്ങുന്നു. നടന്‍, അസ്സോസിയേറ്റ് സംവിധായകന്‍ എന്നീ പദവികളില്‍ വര്‍ഷങ്ങളായി സിനിമാ ആസ്വാദകര്‍ക്കു പ്രിയങ്കരനാണ് ദിലീഷ്. സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബുവിന്റെ നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായും അഭിനേതാവായും വേഷമിട്ട ദിലീഷ്, സ്വതന്ത്ര സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിക് അബുവാണെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. താന്‍ അഭിനയിച്ച ‘സോള്‍ട്ട് ആന്‍ഡ് പെപ്പറി’ന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനാണ് ഈ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത്.

mahesh new 2
ഫഹദ് ഫാസിലും അനുശ്രീയുമാണ് പ്രധാന വേഷങ്ങളില്‍. പൂര്‍ണ്ണമായും ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ക്ഷന്‍ ജോലി ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. 2016 ജനുവരി അവസാന വാരം ചിത്രം കാണികള്‍ക്കു മുന്നിലെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സംവിധായകനും സഹപ്രവര്‍ത്തകരും.
ഫഹദ് ഫാസില്‍ ഒരു ഗ്രാമീണ ഫോട്ടോഗ്രാഫറുടെ റോളിലാണ് ചിത്രത്തിലെത്തുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ ഗ്രാമീണന്റെ ജീവിതത്തിലുണ്ടാകുന്ന സ്വഭാവികമായ സംഭവങ്ങളാണ് ഹൃദയഹാരിയായി ചിത്രത്തില്‍ ഇഴ ചേര്‍ത്തിരിക്കുന്നത്. സിനിമയില്‍ നായക കഥാപാത്രമായ ഫോട്ടോഗ്രാഫറുടെ അച്ഛന്‍ ഇടുക്കിയിലെ തന്നെ അറിയപ്പെടുന്ന ഒരു പഴയകാല ഫോട്ടോഗ്രാഫറാണ് (സിനിമയില്‍). ഈ സിനിമയുടെ പ്രമേയവും സംഭവങ്ങളും എല്ലാം തിരക്കഥാകൃത്തിനു പരിചിതമായ ഒരു ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ്. മഹേഷ് എന്ന ഒരു സാധാരണ ഫോട്ടോഗ്രാഫറുടെ പ്രണയവും പ്രതികാരവും ഇടുക്കിയുടെ ഗ്രാമ ജീവിതത്തോട് ഇണക്കിച്ചേര്‍ത്താണ് സിനിമയുടെ തിരക്കഥയെന്ന് സംവിധായകന്‍ ദിലീഷ് സിനിമാപത്രത്തിനോടു പറഞ്ഞു.

mahesh 3ഒരു ഗ്രാമത്തിന്റെ ജീവിത ചിത്രങ്ങള്‍ കലര്‍പ്പില്ലാതെ വരയ്ക്കാന്‍ ഇടുക്കിയോളം അനുയോജ്യമായ മറ്റൊരിടമില്ലെന്നും അദ്ദേഹം പറഞ്ഞു. . ഇടുക്കിയുടെ ഭൂമിശാസ്ത്രവും ജീവിതരീതികളും മനസ്സിലാക്കാന്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് മാസങ്ങളായി ഇടുക്കിയുടെ ഗ്രാമങ്ങള്‍ തോറും ദിലീഷ് സഞ്ചരിക്കുകയായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത ‘ഇടുക്കി ഗോള്‍ഡും’ പൂര്‍ണ്ണമായി ചിത്രീകരിച്ചത് ഇടുക്കിയിലായിരുന്നു. ആഷിക് അബുവും ‘ഇടുക്കി ഗോള്‍ഡും’ അതുകൊണ്ടു തന്നെ ദിലീഷിന് നല്ല ഒരു വഴികാട്ടിയുമായി. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ഗ്രാമീണ യുവാവിന്റെ കഥ പറയുമ്പോള്‍ സ്വഭാവികമായി അത് ഇടുക്കിയിലെ ഗ്രാമ നിവാസികളുടെ ഹൃദയ നൈര്‍മ്മല്യത്തിന്റെയും കൂടി കഥയായിരിക്കുമെന്ന് ദിലീഷ് ഉറപ്പു തരുന്നു.സഹസംവിധായകനില്‍ നിന്നും നടനില്‍ നിന്നും സ്വതന്ത്ര സംവിധായകന്റെ റോളിലെത്തുമ്പോള്‍ ഒരാള്‍ക്ക് സ്വഭാവികമായും ചില ആശങ്കകളും പേടിയും തോന്നാം. എന്നാല്‍ ഈ സിനിമ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തനിക്കു പൂര്‍ണ്ണ സമാധാനവും സന്തോഷവുമായിരുന്നെന്നാണ് ദിലീഷിന്റെ സാക്ഷ്യം.

ഈ സിനിമയുടെ ക്രൂവിന്റെ പ്രത്യേകതകളാണതിനു കാരണം. പ്രേക്ഷക മനസ്സുകളില്‍ പ്രിയങ്കരമായ സ്ഥാനം നേടിയെടുത്ത ഫഹദിന്റെയും അനുശ്രീയുടെയും അഭിനയ മികവ്, പ്രഗത്ഭനായ ആഷിക് അബുവിന്റെ നിര്‍മ്മാണം, സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ശ്യാം പുഷ്‌കരന്റെ തിരക്കഥ, റഫീഖ് അഹമ്മദിന്റെയും സന്തോഷ് വര്‍മ്മയുടെയും ബിനീഷ് പുതുപ്പണത്തിന്റെയും ഗാനരചന, ബിജി ബാലിന്റെ ഈണം, ഷൈജു ഖാലിദിന്റെ ക്യാമറ, സൈജു ശ്രീധറിന്റെ എഡിറ്റിംഗ്, സമീറ സനീഷിന്റെ കോസ്റ്റ്യും…..മലയാള സിനിമയിലെ മുന്‍നിര പ്രതിഭകളാണ് ഇവരെല്ലാം. ഇവരെല്ലാം ഒരുമിച്ച് ഒരു സിനിമയില്‍ വന്നുവെന്നത് എനിക്ക് തീര്‍ച്ചയായും ഒരനുഗ്രഹമായിരുന്നു. സൗബിന്‍, അലന്‍ ഷിയര്‍, ജാഫര്‍ ഇടുക്കി, ആന്റണി, ജയശങ്കര്‍, രാജേഷ് ശര്‍മ്മ, ലീനാ ആന്റണി, മഞ്ജു, അപര്‍ണ്ണ, ലിജോ മോള്‍ തുടങ്ങിയവര്‍ക്കൊപ്പം കുറച്ചേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഇവരെല്ലാം എന്റെ സിനിമയോട് വലിയ സ്‌നേഹവും ഉത്തരവാദിത്വവുമാണ് കാണിച്ചത്. അസ്സോസിയേറ്റ് ഡയറക്ടര്‍മാരായ റോയിയും വിഷ്ണുവും മധുവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പനയും എന്നൊടൊപ്പം തുണയായി നിന്നതും വലിയ കാര്യമാണ്.

നടീനടന്മാരില്‍ 80 ശതമാനത്തോളം പേരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ‘മഹേഷിന്റെ പ്രതികാര’ത്തിനുണ്ട്. കൊച്ചിയിലും ഇടുക്കിയിലും നടത്തിയ ഓഡീഷനിലൂടെയാണ് അവരെ കണ്ടെത്തിയത്. സിനിമയില്‍ ഇതു പുതുമയല്ലെങ്കിലും ഈ സിനിമയ്ക്ക് ഈ പുതുമുഖങ്ങള്‍ അനുഗ്രഹം തന്നെയായിരുന്നെന്നാണ് സംവിധായകന്റെ അഭിപ്രായം.

maheshinte-prethikaram-trai.jpg.image.784.410

മനുഷ്യര്‍ എന്നും പ്രകൃതിയുടെ ഭാഗമാണ്. ഇന്ന് പ്രകൃതി എന്നു പറയുമ്പോള്‍, നഗരവും തിരക്കുകളും ഒന്നുമല്ല നാം മനസ്സില്‍ കാണുന്നത്, ഗ്രാമങ്ങളാണ്. പ്രകൃതിയുടെ ഒരു ‘പ്രകൃതി’ ഗ്രാമങ്ങളിലെ മനുഷ്യര്‍ക്കുണ്ട്. നന്മ നിറഞ്ഞ ജീവിതാന്തരീക്ഷമാണവരുടേത്. ഹൈറേഞ്ചിന്റെ നെഞ്ചകമായ ഇടുക്കിയിലെ മനുഷ്യരില്‍ അത് പ്രകടമായി നമുക്ക് അനുഭവിക്കാന്‍ കഴിയും. ഒരു ഗ്രാമത്തിലെയും അവിടത്തെ സാധാരണ മനുഷ്യരുടെയും ജീവിതകഥ പറയുമ്പോള്‍, അവിടത്തെ തന്നെ ആളുകള്‍ അതിലെ കഥാപാത്രങ്ങളായി വേഷമിട്ടത് സിനിമയുടെ അകൃത്രിമമായ സഞ്ചാരഗതിക്ക് ഒരുപാടു സഹായകമായി. ഇടുക്കിയില്‍ നിന്നുള്ള ധാരാളം പുതുമുഖങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ജാഫര്‍ ഇടുക്കിയുടെയൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനായതിന്റെ വലിയ ആഹ്‌ളാദം ഇടുക്കിക്കാരായ ഈ അഭിനേതാക്കളില്‍ ഞാന്‍ കണ്ടു.

ഒ. പി.എം-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷിക് അബുവിന്റെ സഹോദരന്‍ അബിദ് അബുവാണ്. ആര്‍ട്ട് അജയന്‍ ചാലിശ്ശേരി. മേക്കപ്പ് റോണക് സേവ്യര്‍.
2015-ന്റെ രണ്ടാം പകുതി, മലയാളത്തില്‍ കുറെ നല്ല സിനിമകള്‍ പുറത്തിറങ്ങിയ കാലമായിരുന്നു. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന കാണികള്‍ അവയെല്ലാം ഹൃദയം കൊണ്ട് സ്വീകരിച്ചു. 2016-ലെ ആദ്യ റിലീസ് ചിത്രങ്ങളിലൊന്നായ ദിലീഷ് പോത്തന്‍ ഒരുക്കിയ ‘മഹേഷിന്റെ പ്രതികാരം’ അടുത്ത വര്‍ഷത്തെ നല്ല സിനിമകളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് ആശിക്കാം.അതുപോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, ഫഹദ് ഫാസില്‍ ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ച ചിത്രമെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ടെന്നതാണ്. അഭിനയിക്കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവായശേഷം ഫഹദിന് നല്ല റേഞ്ച് കിട്ടിയ ഒരു ചിത്രമാണിത്. നല്ല സിനിമയ്‌ക്കൊപ്പം നില്ക്കുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സിനിമയും സംവിധായകനും അഭിനേതാക്കളും ഇടം പിടിക്കട്ടെയെന്ന് ആശംസിക്കുന്നു.

-തങ്കച്ചന്‍ മരിയാപുരം

content courtesy: http://cinemapathram.com/
prp

Related posts

Leave a Reply

*