അര്‍ജന്‍റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ

റഷ്യന്‍ മണ്ണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിന് ശേഷം ആരാധകരില്‍ നിന്ന് മോശം പെരുമാറ്റമാണ് ഗാലറിയില്‍ ഉണ്ടായത്. ഇതിന്‍റെ പേരില്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ കനത്ത നടപടിയാണ് ഫിഫ സ്വീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോയാണ് ഫിഫ എഎഫ്എക്ക് പിഴയായി നല്‍കിയിരിക്കുന്നത്.

മത്സരത്തില്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നും റെബിക്ക് ആദ്യ ഗോള്‍ നേടിയതിന് ശേഷം മാഡ്രിച്ച്, റാകിറ്റിച്ച് എന്നിവരാണ് അര്‍ജന്‍റീനയെ തകര്‍ത്ത് ഗോള്‍വല ചലിപ്പിച്ചത്. സമ്പൂര്‍ണ പരാജയമായിരുന്ന അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയം നേടിയത്. മത്സരത്തില്‍ താരങ്ങള്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടിയത് സ്റ്റേഡിയത്തിലും പ്രതിഫലിക്കുകയായിരുന്നു.

ക്രൊയേഷ്യന്‍ ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള പാട്ടുകളും അവരെ സ്വവര്‍ഗാനുരാഗികളെന്നു വിളിച്ചു കളിയാക്കുകയും ചെയ്തുവെന്ന് ഫിഫ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഫിഫ അന്വേഷണത്തില്‍ കണ്ടെത്തി. മത്സരത്തിനു ശേഷം നടത്തേണ്ട ഫ്‌ലാഷ് ഇന്‍റര്‍വ്യൂവിന് അര്‍ജന്‍റീനയില്‍ നിന്നും ആരും പങ്കെടുക്കാഞ്ഞതും അച്ചടക്ക ലംഘനമായി ഫിഫ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മെക്‌സിക്കോക്കെതിരെയും ഫിഫ ഇത്തരം വിഷയത്തില്‍ നടപടി എടുത്തിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് അര്‍ജന്‍റീനയ്‌ക്കെതിരെ ഫിഫയുടെ നടപടി. ഇന്നത്തെ കളിയില്‍ സമനില പോലും അര്‍ജന്‍റീനക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്ന അവസ്ഥയിലാണ്. കൂടാതെ, ക്രൊയേഷ്യ-ഐസ്ലാന്‍ഡ് മത്സര ഫലം അനുസരിച്ചായിരിക്കും അര്‍ജന്‍റീനയുടെ നോക്കൗട്ട് സാധ്യതകള്‍.

prp

Related posts

Leave a Reply

*