ഭര്‍ത്താവിന്‍റെ മരണശേഷം ഓര്‍മ്മകളുടെ വേരുകള്‍ ഉറപ്പിച്ച്‌ ഷില്‍നയ്ക്ക് കുഞ്ഞുമാലാഖമാര്‍ പിറന്നു

കണ്ണൂര്‍: ഒരു ഭാര്യക്ക് തന്‍റെ ഭര്‍ത്താവിന് നല്‍കാന്‍ ഇതില്‍ കൂടുതല്‍ ഒന്നുമില്ല. കൊയിലി ഹോസ്പിറ്റലിന്റെ ലേബര്‍റൂമില്‍ നിന്ന് ഇന്നലെ ഉയര്‍ന്ന ആ കരച്ചിലുകള്‍ ഭര്‍ത്താവിന്‍റെ  ഓര്‍മ്മകളുടെ വേരുകള്‍ ഉറപ്പിക്കതുന്നതാണ്. റോഡപകടം ജീവനെടുത്ത് ഒരു വര്‍ഷത്തിനുശേഷം എഴുത്തുകാരന്‍ കെവി സുധാകരന്‍റെ  അമ്മ ആദ്യമായി ചിരിച്ചു.

തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരന്‍റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്‍റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു. കേരളം ഇരു കൈകളും നീട്ടി ആ പൊന്നോമനകളെ സ്വീകരിച്ചു.

ഷില്‍നയുടെ ചികിത്സയ്ക്കിടെയാണ്  2017 ഓഗസ്റ്റ് 15നു സുധാകരന്‍ മരിച്ചത്. ജോലിയുടെ ഭാഗമായി പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം തേഞ്ഞിപ്പലത്തെത്തിയതായിരുന്നു സുധാകരന്‍. ഇതിനിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്പൂരിലേക്ക് വിനോദയാത്ര പോയി.

യാത്രാമധ്യേ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചു. യാത്രചെയ്ത വാഹനത്തില്‍നിന്നിറങ്ങി നാട്ടിലേക്ക് വണ്ടിപിടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. സുധാകരന്‍റെ മരണശേഷവും ഷില്‍നയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചുകൊണ്ട് ചികില്‍സ തുടരാന്‍ തീരുമാനിച്ചു. പിന്തിരിപ്പിക്കുന്ന വാക്കുകള്‍ അവള്‍ കേട്ടില്ല. പിന്തുണ നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു.

2006 ഏപ്രില്‍ 22നാണ് പേരാവൂരിലെ പി.വി. പവിത്രന്റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പെരുമ്പടവിനുസമീപം ഏളയാട്ടെ കുഞ്ഞിരാമന്‍ഓമന ദമ്പതിമാരുടെ മകന്‍ സുധാകരനും വിവാഹിതരായത്. കല്യാണസമയത്ത് ‘മാതൃഭൂമി’ കാസര്‍കോട് ബ്യൂറോയില്‍ ലേഖകനായിരുന്നു സുധാകരന്‍. കഥാകൃത്തുകൂടിയായ സുധാകരന്‍ പിന്നീടാണ് അധ്യാപകനായത്.

 

prp

Related posts

Leave a Reply

*