ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച ആനയിടഞ്ഞു; 2 മരണം

ഗുരുവായൂര്‍: നിയമവിരുദ്ധമായി ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടയാന്‍ കാരണം പടക്കം പൊട്ടിച്ചതാണ്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്‍റെ ഗൃഹപ്രവേശനത്തിന്‍റെ ആഘോഷ ഭാഗമായിട്ടായിരുന്നു എഴുന്നള്ളിപ്പ്. ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാന്‍ എത്തിച്ചതായിരുന്നു.

പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നു. പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നില്‍ക്കുകയായിരുന്ന ബാബു(66) വിനെ ചവിട്ടുകയായിരുന്നു ഉടന്‍ മരിച്ചു. ആനയുടെ ചവിട്ടേറ്റ്  ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് നരിക്കുനി അരീക്കല്‍ വീട്ടില്‍ ഗംഗാധരന്‍(60) പിന്നീട് മരിച്ചു.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്‍റെതാണ് ആന. പകല്‍ 11 മണിക്കും മൂന്ന് മണിക്കും ആനയെ എഴുന്നളളിക്കരുതെന്ന് നിയമമുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന നാട്ടാനകളില്‍ ഏറ്റവും കൂടുതല്‍ ഉയരമുളള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പതിലേറെ വയസ് പ്രായമുളള ആനയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെയില്ല.

ആനപ്രേമികളുടെ കേന്ദ്രമായ തൃശൂരില്‍ അക്രമകാരികളായ ആനകളുടെ കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ നടന്ന സംഭവം. മൂന്ന് മാസത്തിനിടെ തൃശൂരില്‍ മാത്രം നാല് പേരാണ് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

prp

Related posts

Leave a Reply

*