ദുബായ് – കൊച്ചി വിമാനം പുറപ്പെട്ടു; വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 മറ്റു രോഗികളും ; വൈദ്യസഹായത്തിനായി ഡോക്ടര്‍മാരും നഴ്സുമാരും; ‘അസാധാരണ വിമാന’മെന്ന് പ്രസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍

ദുബായ് • വന്ദേ ഭാരത്‌ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനമായ ദുബായ്-കൊച്ചി വിമാനം പുറപ്പെട്ടു. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.27 ( ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ്‌ 2.57 ) നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബായ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ 2 ല്‍ നിന്നും പറന്നുയര്‍ന്നത്.

ഐ.എക്സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 രോഗികളും, ഇവര്‍ക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും ഉള്‍പ്പടെ 181 യാത്രക്കാരാണ് ഉള്ളത്.

എല്ലാ സ്ത്രീകളും 32 ആഴ്ചയില്‍ കൂടുതല്‍ ഗര്‍ഭിണികളാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. ഒരു യുവതി ഗര്‍ഭാവസ്ഥയുടെ 35-ാം ആഴ്ചയിലാണ്. അടിയന്തിര സാഹചര്യങ്ങളില്‍ സ്ത്രീകളെ സഹായിക്കാന്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും വിമാനത്തില്‍ ഉണ്ടെന്നും നീരജ് അഗര്‍വാള്‍ പറഞ്ഞു.

മെയ് 16 നാണ് ‘വന്ദേ ഭാരത് മിഷന്റെ’ രണ്ടാം ഘട്ടം ഔദ്യോഗികമായി ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.എഇ.യില്‍ നിന്ന് ഇന്ത്യയിലേക്ക് 18 മടക്കയാത്ര സര്‍വീസുകള്‍ നടത്തും. ഇതില്‍ 13 ഉം കേരളത്തിലേക്കാണ്.

ദുബായ് – കൊച്ചി വിമാനത്തെ ‘അസാധാരണമായത്’ എന്നാണ് അഗര്‍വാള്‍ വിശേഷിപ്പിച്ചത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം, 35 രോഗികളുമുണ്ട്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്. ഇതില്‍ കാന്‍സറിന്റെ അവസാന ഘട്ടത്തിലെ ഒരു രോഗി, ബ്രെയിന്‍ ട്യൂമര്‍ ഉള്ള ഒരു രോഗി, വൃക്ക മാറ്റിവയ്ക്കല്‍ നടത്തേണ്ട രണ്ട് യാത്രക്കാര്‍ (ദാതാവും, സ്വീകര്‍ത്താവും) എന്നിവര്‍ ഉള്‍പ്പെടുന്നു.

രക്താര്‍ബുദം ബാധിച്ച്‌ മരിച്ച നാല് വയസുകാരനായ വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹവും വിമാനത്തിലുണ്ട്. വൈഷ്ണവിന്റെ മാതാപിതാക്കളും ഭൗതികാവശിഷ്ടങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നുണ്ട്. ഭാര്യമാരെ നഷ്ടപ്പെട്ട കെ വിജയകുമാര്‍, പ്രശാന്ത് പ്രഭാകരന്‍ നായര്‍ എന്നിവരും ഈ വിമാനത്തില്‍ വീട്ടിലേക്ക് പറക്കുകയാണ്.

വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 6.25 ഓടെ നെടുമ്ബാശ്ശേരിയിലെത്തും.

D

prp

Leave a Reply

*