സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. വേനല്‍മഴയോടനുബന്ധിച്ച്‌ ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കേരള തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങള്‍, കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഒഡിഷ-പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റിന് മുന്നറിയിപ്പുണ്ട്. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ ശക്തമായ ന്യൂനമര്‍ദം ആയി മാറിയിരിക്കുകയാണ്. അടുത്ത 12 മണിക്കൂറില്‍ ഇത് വളരെ വേഗത്തില്‍ ചുഴലിക്കാറ്റായും വീണ്ടും ശക്തിപ്രാപിച്ച്‌ ശേഷമുള്ള 24 മണിക്കൂറില്‍ ശക്തമായ ചുഴലിക്കാറ്റുമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

prp

Leave a Reply

*