ദിലീപ് കേസില്‍ ബൈജു പൗലോസിന് കുരുക്ക്; ഒപ്പുവച്ച അപേക്ഷ പുറത്ത്… കോടതി വിളിപ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പലതവണ ചര്‍ച്ചയായതാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍. കേരളം വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ച കേസായതിനാല്‍ അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

കേസിന്റെ സ്വഭാവം പരിഗണിച്ച്‌ നടി രഹസ്യവിചാരണ ആവശ്യപ്പെട്ട വേളയില്‍ കോടതി അംഗീകരിച്ചു. വിചാരണയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ പുറത്തുപോകുന്നില്ലെന്നു കോടതി ഉറപ്പാക്കുകയും ചെയ്തു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ചയാകുന്നത് ഉചിതമല്ല എന്ന് കണ്ടാണ് കോടതി ഈ തീരുമാനമെടുത്തത്.

ഇപ്പോള്‍ കേസില്‍ തുടരന്വേഷണം നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖ അടുത്തിടെ പുറത്തായിരുന്നു. ഇത് കോടതി നിര്‍ദേശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ വിളിപ്പിച്ചിരിക്കുകയാണ് കോടതി. വിശദാംശങ്ങള്‍ ഇങ്ങനെ..

ചാറ്റുകള്‍ നശിപ്പിച്ചത് ദിലീപിന് തന്നെ പാരയായി
1

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കോടതി അംഗീകരിച്ചതോടെ വൈമനസ്യത്തോടെയാണെങ്കിലും ദിലീപ് ഫോണുകള്‍ കൈമാറി.

2

ഫോറന്‍സിക് ലാബില്‍ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വേളയില്‍ നടി ആക്രമിക്കപ്പട്ട കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടി എന്നാണ് അന്വേഷണ സംഘം പറയുന്നത്. കോടതിയില്‍ നിന്നുള്ള സുപ്രധാന രേഖകളാണ് ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതത്രെ.

3

കോടതി രേഖ എങ്ങനെ ദിലീപിന്റെ ഫോണിലെത്തി എന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നത്. കോടതിയിലെ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന സംശയവും ഉയര്‍ന്നു. വ്യക്തത വരുത്തുന്നതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്തു. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിക്ക് അന്വേഷണ സംഘം പ്രത്യേക അപേക്ഷ നല്‍കുകയും ചെയ്തു.

4

അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പ് വച്ച അപേക്ഷയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ രേഖ മാധ്യമങ്ങള്‍ക്കും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അപേക്ഷ എങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടി എന്ന ചോദ്യമുന്നയിച്ച്‌ പരാതി ഉയര്‍ന്നു. രേഖകള്‍ മാധ്യമങ്ങളിലെത്തുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്നാണ് വിമര്‍ശനം.


5

ഈ പരാതിയിലാണ് കോടതി ഇടപെടല്‍. വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് കോടതി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 12നാണ്. അന്ന് ബൈജു പൗലോസ് നേരിട്ട് വിചാരണ കോടതിയില്‍ ഹാജരാകണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

6

തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് നേരത്തെ ദിലീപ് കോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. മാധ്യമ വിചാരണ അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തെ തള്ളി. പക്ഷേ, വിഷയം അന്വേഷിച്ച്‌ നടപടിയെടുക്കാന്‍ കോടതി സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചു.

7

മാധ്യമ വിചാരണ തടയണം എന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. റിപ്പോര്‍ട്ടര്‍ ചാനലിനും നികേഷ് കുമാറിനുമെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളാണ് പ്രധാനമായും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികള്‍ പരസ്യമാക്കുന്നതിനാണ് വിലക്ക് എന്നതിനാല്‍ വധഗൂഢാലോചന കേസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസ് നേരിടുമെന്നായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.

prp

Leave a Reply

*