പൗരത്വ നിയമ ഭേദഗതി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.

ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് അംഗങ്ങള്‍, സമരക്കാര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്ക് പരുക്കേറ്റു. ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ടമായത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് ഇദ്ദേഹം.

കല്ലേറില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് പ്രക്ഷോഭത്തിനിടെ ഒരാള്‍ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ടി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരും രംഗത്തിറങ്ങിയിരുന്നു.

രാജ്യത്തെ മതേതരത്വ മുഖത്തിന് ക്ഷതമേല്‍പ്പിക്കുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് അണിനിരത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഭജന്‍പുര, മൗജ്പൂര്‍ എന്നിവിടങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘര്‍ഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

prp

Leave a Reply

*