വെസ്റ്റ്ഹാമിനേയും വീഴ്ത്തി ലിവര്‍പൂള്‍; വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. വെസ്റ്റ്ഹാം യുണൈറ്റഡിനെ 3-2ന് തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 18-ാം വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡിനൊപ്പമെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ 54-ാം മത്സരവും ലിവര്‍പൂള്‍ പൂര്‍ത്തിയാക്കി.

കളി തുടങ്ങി ഒമ്ബതാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍ ജോര്‍ജിനിയൊ വൈനാള്‍ഡം ലിവര്‍പൂളിന് ലീഡ് നല്‍കി. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ സ്‌നോഡ്ഗ്രാസിന്റെ കോര്‍ണറില്‍ ഹെഡറിലൂടെ ഗോള്‍ നേടി ഇസ ഡിയോപ്പ് വെസ്റ്റ്ഹാമിനെ ഒപ്പമെത്തിച്ചു.

54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ലിവര്‍പൂളിനെ ഞെട്ടിച്ചു. പകരക്കാരനായി ഇറങ്ങിയ ഫോര്‍നാല്‍ഡ് വെസ്റ്റ്ഹാമിന് ലീഡ് നല്‍കി. 68-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മറുപടി ഗോളെത്തി. റോബര്‍ട്‌സണ്‍ന്റെ പാസില്‍ നിന്ന് മുഹമ്മദ് സലാഹ് അടിച്ച ദുര്‍ബലമായ ഷോട്ട് കൈയിലൊതുക്കുന്നതില്‍ ലൂകാസ് ഫാബിയാന്‍സ്‌കി പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ സമനില ഗോള്‍ ആഘോഷിച്ചു. 81-ാം മിനിറ്റില്‍ അര്‍ണോള്‍ഡിന്റെ പാസില്‍ വല ചലിപ്പിച്ച സാദിയൊ മാനെ ലിവര്‍പൂളിന് വീണ്ടും വിജയം സമ്മാനിച്ചു.

വിജയത്തോടെ ലിവര്‍പൂള്‍ 27 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റ്‌ നേടി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57 പോയിന്റാണുള്ളത്.

prp

Leave a Reply

*