ദിവസത്തില്‍ 12 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണം; ഇല്ലെങ്കില്‍ പുറത്താക്കും; ട്വിറ്റര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഇലോണ്‍ മസ്‌ക്. കമ്ബനിയിലെ ജീവനക്കാര്‍ക്ക് മേല്‍ ജോലിയുമായി ബന്ധപ്പെട്ട് മസ്‌ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ട്വിറ്ററിലെ എഞ്ചിനീയര്‍മാര്‍ ദിവസം 12 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണമെന്ന നിര്‍ദ്ദേശം മസ്‌ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ അധികസമയം ജോലി ചെയ്യേണ്ടി വരുമെന്ന് ട്വിറ്ററിലെ മാനേജര്‍മാര്‍ ജീവനക്കാരെ അറിയിച്ചു കഴിഞ്ഞു.

ഇതിന്റെ ഭാഗമായിട്ടാണ് ചില ജീവനക്കാരോട് 12 മണിക്കൂര്‍ വീതം ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തി ദിവസമായിരിക്കും. ഈ വിഷയത്തില്‍ ഒരു ചര്‍ച്ച ഉണ്ടായിരിക്കില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലേയും ജീവനക്കാര്‍ക്കായി നിശ്ചിത ടാര്‍ജെറ്റ് നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ ജോലി നഷ്ടമാകും. 50 ശതമാനം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണി മുഴക്കിയാണ് മസ്‌ക് തന്റെ ഉത്തരവ് പാലിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്വിറ്റര്‍ ബ്ലൂ ടിക്കിന് (വെരിഫൈഡ് അക്കൗണ്ട്) പണം ഈടാക്കാനുള്ള മസ്‌കിന്റെ തീരുമാനത്തിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പെയ്ഡ് വെരിഫിക്കേഷന്‍ ഫീച്ചര്‍ പുറത്തിറക്കാന്‍ നവംബര്‍ ഏഴ് വരെയാണ് എഞ്ചിനീയര്‍മാര്‍ക്കായി മസ്‌ക് സമയപരിധി നല്‍കിയിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്ബനിയില്‍ നിന്ന് പുറത്ത് പോകുമെന്നാണ് മുന്നറിയിപ്പ്. പ്രതിമാസ ഫീസ് ഏര്‍പ്പെടുത്തുമെന്ന വിവരങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അത് എത്രയാകും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പണം ഈടാക്കാതെ മാര്‍ഗമില്ലെന്നും, ട്വിറ്ററിന് എല്ലാക്കാലത്തും പരസ്യദാതാക്കളെ ആശ്രയിക്കാന്‍ കഴിയില്ലെന്നാണ് വിഷയത്തില്‍ മസ്‌കിന്റെ വിശദീകരണം.

prp

Leave a Reply

*