വെള്ളപ്പൊക്കത്തില്‍ ഡാം തുറന്നുവിട്ടപ്പോള്‍ എത്തിയ ‘ഭീകരന്‍’ ഭീഷണി, ആലപ്പുഴയിലെ പല ആറുകളിലും ജനങ്ങള്‍ക്ക് കുളിക്കാന്‍ കഴിയുന്നില്ല

ആലപ്പുഴ: ബോട്ട് സര്‍വീസുകളും, ആളനക്കവും കുറഞ്ഞ പമ്ബയാറിന്റെ തീരങ്ങളില്‍ നീര്‍നായ്ക്കകള്‍ തമ്ബടിച്ചതോടെ ആറ്റിലെ കുളിക്കാര്‍ ഭീഷണിയില്‍.

വെള്ളപ്പൊക്ക സീസണുകളില്‍ ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ ഒഴുകിയെത്തിയതെന്ന് കരുതുന്ന നീര്‍നായ്ക്കള്‍ പെറ്റുപെരുകിയാണ് പ്രദേശവാസികള്‍ക്ക് ഭീഷണിയായത്.

ഇന്നലെ പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയ എടത്വ തലവടി പതിനൊന്നാം വാര്‍ഡ് കുറ്റുവീട്ടില്‍ ബാബു കൈമളാണ് ഏറ്റവുമൊടുവില്‍ നീര്‍നായയുടെ ആക്രമണത്തിന് ഇരയായത്. കുളി കഴിഞ്ഞ് കരകയറാന്‍ ഒരുങ്ങവേയാണ് വലതുകാലില്‍ കടിയേറ്റത്. കാല്‍ കുടഞ്ഞതോടെ ഇടത് കാലിലും കടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നായയുടെ കടിയില്‍ നിന്ന് രക്ഷപ്പെട്ട് കരകയറാന്‍ സാധിച്ചത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ശുദ്ധജല വാസികള്‍

ചുരുക്കം ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ആറ്റില്‍ കുളിക്കാനെത്തുന്നത്. മുമ്ബ് ബോട്ട് സര്‍വീസുകള്‍ ഉണ്ടായിരുന്നപ്പോള്‍ വെള്ളത്തിന് ഇളക്കം തട്ടിയിരുന്നു. സര്‍വീസുകള്‍ നിലച്ചതോടെ അനക്കം കുറഞ്ഞത് നീര്‍നായ്ക്കള്‍ക്ക് തണലായി. മത്സ്യസമ്ബത്ത് തേടിയെത്തുന്ന നീര്‍നായ്ക്കള്‍ ഇവിടെത്തന്നെ പെറ്റുപെരുകുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മലിനജലത്തില്‍ നീര്‍നായ്ക്കള്‍ ഇറങ്ങാറില്ല. ശുദ്ധജലമുള്ള കുളിക്കടവുകള്‍ കേന്ദ്രീകരിച്ചാണ് ഇവ തങ്ങുന്നത്.

കുളി കഴിഞ്ഞ് നില്‍ക്കവേ അപ്രതീക്ഷിതമായാണ് ശക്തമായ കടിയേറ്റത്. കാലില്‍ കടിച്ച്‌ വലിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് രക്ഷപ്പെട്ടത്. ഒരുപാട് രക്തം നഷ്ടപ്പെട്ടു- ബാബു കൈമള്‍

ആറ്റില്‍ പൊതുവേ ആളനക്കം കുറവാണ്. മത്സ്യസമ്ബത്ത് കൂടുതലും. നീര്‍നായ്ക്കള്‍ പെറ്റുപെരുകി കിടക്കുന്ന അവസ്ഥയാണ്.- അജിത്കുമാര്‍ പിഷാരത്ത്, വാര്‍ഡ് മെമ്ബര്‍, തലവടി പഞ്ചായത്ത്

prp

Leave a Reply

*