ഗീതാ ഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

ഗീത ഗോപിനാഥിന്‍റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും ചെലവു ചുരുക്കലിന്‍റെ പേരില്‍ പെന്‍ഷനും, ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം. മാദ്ധ്യമങ്ങളുമായി അനൗപചാരിക സംഭാഷണം നടത്തുന്നതിനിടെ ഗീത പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണ്.

കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദ്ദേശമല്ല. സര്‍ക്കാരിന്‍റെ ‘ബാദ്ധ്യതയായ’ ശമ്പളം, പെന്‍ഷന്‍, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒരു ചാലകശക്തിയായി അവര്‍ പ്രവര്‍ത്തിക്കുമെന്നും സൂചന നല്‍കുന്നുണ്ട്.

പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ മുഖമുദ്രയാണ് ചെലവുചുരുക്കല്‍. അതിന്‍റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരുമാണ്. അത് ഗ്രീസ്, സ്പെയിന്‍, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചതെന്നത് മറക്കരുതെന്നും പത്രം ഓര്‍മിപ്പിക്കുന്നു.

 

prp

Related posts

Leave a Reply

*