കാലിഫോര്‍ണിയ: പോഷകാഹാരം നല്‍കാതെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടിലെ ഇരുട്ടുമുറിയില്‍ ചങ്ങലക്കിട്ട രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 57കാരനായ ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് അറസ്റ്റിലായത്. പലരെയും പോലീസ് കണ്ടെടുക്കുമ്പോള്‍ പട്ടിണി കോലങ്ങളായിരുന്നു.
ലോസ് ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം. പതിമൂന്ന് മക്കളെയാണ് വീട്ടിനുള്ളില്‍ കെട്ടിയിട്ടിരുന്നത്. കൂട്ടത്തിലെ 17കാരി വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 17 വയസുകാരിയെ കണ്ടാല്‍ 10 വയസേ തോന്നുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
സഹോദരി നല്‍കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു.
വീട്ടിനുള്ളില്‍ കെട്ടിയിട്ട 12 കുട്ടികളില്‍ ഏഴുപേര്‍ മുതിര്‍ന്നവരാണെന്ന് പോലീസ് പറഞ്ഞു. 18 വയസിനും 29നും ഇടയിലുള്ളവരാണ് ഇവര്‍. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു.
ഡേവിഡ് ടര്‍പിന്‍റെ രക്ഷിതാക്കള്‍ മകനും മരുമകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് അവര്‍ പലപ്പോഴും വിളിച്ചിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കുട്ടികളെ കെട്ടിയിട്ടതിന് പ്രത്യേകിച്ച് കാരണമൊന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കുട്ടികള്‍ക്കെതിരായ പീഡനക്കുറ്റം ചുമത്തി.

