കൊറോണയില്‍ കുടുങ്ങി ‘ആത്മീയ’ കേന്ദ്രങ്ങള്‍; പകര്‍ച്ചവ്യാധി ഭയന്ന് കൈകൊടുക്കലിന് വിലക്ക്

ഫിലിപ്പൈന്‍സിലെ പ്രമുഖ കത്തോലിക്കാ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് പകുതി വിശ്വാസികളും പങ്കെടുക്കാന്‍ എത്തിയില്ല. പങ്കെടുത്ത നൂറോളം വിശ്വാസികളോട് കൈകൊടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് പകരുന്നത് തടയാനാണ് ആത്മീയ കേന്ദ്രങ്ങളില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്.

ഹോങ്കോംഗ് കര്‍ദിനാള്‍ ജോണ്‍ ഹോംഗ് ടോംഗ് മുഖംമൂടി അണിഞ്ഞെത്തിയാണ് രണ്ടാഴ്ചത്തേക്ക് പൊതു കുര്‍ബാനകള്‍ വിലക്കിയതായി വ്യക്തമാക്കിയത്. പള്ളിയില്‍ പോകുന്നവര്‍ ഇത് ഓണ്‍ലൈനില്‍ കണ്ട് തൃപ്തിയടയാനും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പുറമെ ചൈനീസ് വന്‍കരയിലെ ബുദ്ധക്ഷേത്രങ്ങളും, മുസ്ലീം പള്ളികളും ജനുവരി 29 മുതല്‍ അടച്ചിടാന്‍ ഉത്തരവ് ഇറങ്ങിയിരുന്നു.

മതപരമായ ചടങ്ങുകള്‍ വൈറസ് പടരാനുള്ള വേദിയാകുമെന്ന ആശങ്കയിലാണ് ഈ ഉത്തരവ്. ഏഷ്യയിലെ പല മേഖലയിലും ഇത്തരം വിലക്കുകള്‍ ഇല്ലെങ്കില്‍ പോലും ആരാധനാകേന്ദ്രങ്ങളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറയുകയാണ്. കൊറോണാ ഭയം എത്രത്തോളം ഭീകരമായി മാറിയെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ചൈനയ്ക്ക് പുറമെ ജപ്പാന്‍, ഹോങ്കോംഗ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ ബുദ്ധ ക്ഷേത്രങ്ങളിലും, ഷിന്റോ ദേവാലയങ്ങളിലും എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണവും ഇടിഞ്ഞു. അതേസമയം മലേഷ്യയിലെ സെലാന്‍ഗോറില്‍ വാര്‍ഷിക ഉത്സവമായ തൈപ്പൂയം ആഘോഷിക്കാന്‍ ഹിന്ദുക്കള്‍ പകര്‍ച്ചവ്യാധിയെ ഭയക്കാതെ എത്തിച്ചേര്‍ന്നു.

prp

Leave a Reply

*